കനത്ത കാറ്റ്: തോട്ടപ്പളളിയില്‍ പുളിമരം വീണ് വീട് തകര്‍ന്നു; വീട്ടുകാര്‍ രക്ഷപെട്ടത് തല നാരിഴക്ക്

അമ്പലപ്പുഴ: കനത്ത കാറ്റില്‍ പുളി മരം വീണ് വീടു തകര്‍ന്നു. വീട്ടുകാര്‍ തല നാരിഴക്ക് രക്ഷപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുറക്കാട് പഞ്ചായത്ത് 12 -ാം വാര്‍ഡ് തോട്ടപ്പളളി ഒറ്റപ്പന കുറ്റിക്കാട് വീട്ടില്‍ നൂര്‍ജഹാന്റെ വീടാണ് തകര്‍ന്നത്. അയല്‍ വാസിയുടെ പുരയിടത്തില്‍ നിന്ന കൂറ്റന്‍ പുളിമരമാണ് മതില്‍ തകര്‍ത്ത് ഇവരുടെ വീടിന് മുകളില്‍ പതിച്ചത്.

നിമിഷങ്ങള്‍ക്കു മുന്‍പ് നൂര്‍ജഹാന്‍, െഷെല, മക്കളായ ഫര്‍സാന, സുഹാന എന്നിവര്‍ തൊട്ടടുത്ത ബന്ധു വീട്ടിലേക്ക് പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഷീറ്റും ഓടും കൊണ്ട് നിര്‍മിച്ച മേല്‍ക്കൂര അപകടത്തില്‍ പൂര്‍ണമായി തകര്‍ന്നു.
കൂടാതെ സമീപത്തുണ്ടായിരുന്ന കുളിമുറിയും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് ഈ അപകടത്തിലൂടെ ഉണ്ടായത്. വീട് തകര്‍ന്നതോടെ സമീപത്തെ ബന്ധു വീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ് ഇവര്‍.

വാര്‍ഡില്‍ വ്യാപക നാശ നഷ്ടം സംഭവിച്ചതായി പഞ്ചായത്തംഗം വി.ശശി കാന്തന്‍ പറഞ്ഞു. കടല്‍ ക്ഷോഭം രൂക്ഷമായതിനാല്‍ അഞ്ച് കുടുംബങ്ങളില്‍ നിന്ന് 20 ഓളം പേരെ ഒറ്റപ്പന കരയോഗ ഹാളിലാരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയതായും ശശികാന്തന്‍ പറഞ്ഞു.

 

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version