പാലത്തിന് കൈവരികളില്ല, പകരം മുളകള്‍ വച്ചുകെട്ടി യാത്ര; മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില

എടത്വാ: മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവിന് പുല്ലുവില. തലവടി തോട്ടടി പാലം അപകടനിലയില്‍. പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനേയും ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന തോട്ടടി പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് തൂണുകള്‍ ദ്രവിച്ച് കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.

അപകട നിലയിലായ പാലത്തിന്റെ െകെവരികള്‍ പുനസ്ഥാപിക്കാന്‍ പോലും നടപടി സ്വീകരിക്കാതെ വന്നതോടെ നാട്ടുകാര്‍ മുളകള്‍ വച്ചുകെട്ടി യാത്ര തുടരുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന പാലത്തിന്റെ ദുരവസ്ഥ പരിഹരിക്കാത്തതിനെ തുടര്‍ന്ന് പൊതുപ്രവര്‍ത്തകനായ ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പൊതു താല്‍പര്യ ഹര്‍ജി നല്‍കിയിരുന്നു. അടിയന്തിരമായി െകെവരികള്‍ സ്ഥാപിക്കാന്‍ കമ്മിഷന്‍ അംഗം വി.കെ ബീനാകുമാരി 2021 ഓഗസ്റ്റ് നാലിന് ഉത്തരവിട്ടു. ഒരു വര്‍ഷമായിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല.

കൈവരികള്‍ തകര്‍ന്നതു മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവാണ്. തോട്ടടി പാലം പൊളിച്ചു പണിയാന്‍ നിരണം, തലവടി പഞ്ചായത്ത് നിവാസികള്‍ പലതവണ ആവശ്യപ്പെട്ടു. അപകടവസ്ഥയിലായ പാലത്തിലുടെ ഓട്ടോറിക്ഷകള്‍ കഷ്ടിച്ചാണ് കടന്നു പോകുന്നത്.

ഈ പാലത്തിലൂടെ ദിവസവും നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍, ജോലിക്കാര്‍ ഉള്‍പ്പടെ യാത്ര ചെയ്യുന്നുണ്ട്. നിരണത്ത് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ, തകഴി, എടത്വാ എന്നിവിടങ്ങളിലേക്കും തലവടിയില്‍ നിന്നും തിരുവല്ല, മാവേലിക്കര, ചെങ്ങന്നൂര്‍, ഹരിപ്പാട് ഭാഗങ്ങളിലേക്കും യാത്രക്കാര്‍ ഈ പാത ഏറെ ആശ്രയിക്കുന്നുണ്ട്.

ഇരുകരകളിലുള്ള ജനങ്ങള്‍ക്ക് എടത്വാപള്ളി, കോളജ്, വിവിധ സ്‌കൂളുകള്‍, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവീ ക്ഷേത്രം, ആശുപത്രികള്‍, നിരണം പള്ളി, മാര്‍ത്തോമാ പള്ളി, ബിലീവേഴ്‌സ് ഈസ്‌േറ്റണ്‍ പള്ളി, മലങ്കര കാത്തോലിക്ക പള്ളി, പെന്തക്കോസ്ത് സഭകള്‍, പനയന്നൂര്‍ കാവ് ദേവി ക്ഷേത്രം, പമ്പ കോളേജ്, മാര്‍ത്തോമാ കോളജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനുള്ള മാര്‍ഗമാണ് അധികൃതരുടെ അവഗണനയില്‍ കിടക്കുന്നത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version