NEWS

‘ഓണത്തിന് ഒരു വട്ടി പൂവ് ‘ ; കൈനിറയെ കാശ് വാരാൻ ചെണ്ടുമല്ലി കൃഷിയെപ്പറ്റി അറിയാം

മ്മുടെ ഉത്സവങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പൂക്കള്‍ പ്രത്യേകിച്ചും ഓണത്തിന് .  വാണിജ്യാടിസ്ഥാനത്തില്‍  വിവിധയിനം പൂക്കള്‍ കൃഷി ചെയ്യുന്ന തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ മറ്റ്  സംസ്ഥാനങ്ങളെയാണ് ഈ അവസരങ്ങളില്‍ മലയാളി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് .എന്നാല്‍ കേരളത്തില്‍ തന്നെ നമുക്ക് പൂക്കൃഷി ചെയ്യാം. കേരളത്തിന്‍റെ കാലാവസ്ഥക്ക് കൃഷി ചെയ്യാന്‍ അനുയോജ്യമായ ഒന്നാണ് ചെണ്ടുമല്ലി (Marigold) കൃഷി. ചൂട് ഉള്ള സ്ഥലങ്ങളില്‍ ചെണ്ടുമല്ലിക്ക് നന്നായി വളര്‍ച്ചയും ഉത്പാദനശേഷിയും ഉണ്ടായിരിക്കും.   അലങ്കാരപുഷ്പം എന്നപോലെത്തന്നെ പ്രസ്തുത വിഭാഗത്തിലുള്‍പ്പെടുന്ന പൂക്കളുടെ സത്ത് സുഗന്ധവസ്തുക്കളുടെ നിര്‍മ്മാണത്തിനും, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് നിറം പകരാനും ഉപയോഗിക്കുന്നു.
അല്പം സമയം കണ്ടെത്തുകയാണെങ്കില്‍ നമ്മുടെ കാലാവസ്ഥയിലും ചെണ്ടുമല്ലി വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്നതും ജൈവ സമ്പുഷ്ടവും മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണുമുള്ള സ്ഥലമാണ് ചെണ്ടുമല്ലി കൃഷിക്ക് അനുയോജ്യം. ഒരു സെന്റ് സ്ഥലം കൃഷി ചെയ്യാന്‍ ഏകദേശം രണ്ടുഗ്രാം വിത്തു മതിയാകും.
പ്രോട്രേയിലോ നേഴ്സറിയിലോ വിത്തുപാകി പുതയിടണം. ദിവസവും നിര്‍ബന്ധമായും നനയ്ക്കണം.വിത്ത് മുളച്ചാല്‍ പുത മാറ്റാം. ഒരുമാസം പ്രായമായ തൈകളാണ് പറിച്ചുനടാന്‍ അനുയോജ്യം.വാരങ്ങളില്‍ രണ്ടടി അകലത്തില്‍ തൈകള്‍ പറിച്ചുനടാം. നട്ട് ഒന്നരമാസമാകുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും.
സെന്റൊന്നിന് 80 കി.ഗ്രാം ചാണകവും ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കി.ഗ്രാം എല്ലുപൊടിയും അര കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും. കൃത്യമായ വളപ്രയോഗവും ജലസേചനവും നല്ല സൂര്യപ്രകാശവും കിട്ടുകയാണെങ്കില്‍ 45 മുതല്‍ 50 ദിവസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞ വിളവെടുപ്പിനായി തയ്യാറാകും.
ചെണ്ടുമല്ലിക്ക്  ഔഷധ ഗുണങ്ങൾ  ഏറെയുണ്ട്.ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി, വ്രണങ്ങള്‍,പൊള്ളല്‍ എന്നിവയ്‌ക്കെതിരെയും,കാന്‍സര്‍, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, അള്‍സര്‍, തിമിരം തുടങ്ങിയവയ്‌ക്കെതിരെയുമുള്ള  മരുന്നുകൾ ഉണ്ടാക്കാൻ ചെണ്ടുമല്ലി  ഉപയോഗിക്കുന്നു.
വസ്ത്രങ്ങള്‍ക്ക് നിറം നല്കുന്നതിനും പെയിന്റ് വ്യവസായത്തിലും ചെണ്ടുമല്ലി ഉപയോഗിക്കുന്നു. കുരുമുളക് തോട്ടങ്ങളില്‍ ചെണ്ടുമല്ലി വളര്‍ത്തുന്നത് മഞ്ഞളിപ്പ് രോഗകാരണങ്ങളിലൊന്നായ നിമാവിരകളെ നശിപ്പിക്കാന്‍ സഹായിക്കുന്നു.

Back to top button
error: