പ്രവാചകനിന്ദാ വിവാദം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി. നടത്തിയ ഗൂഢാലോചന, നൂപുര്‍ ശര്‍മയെ ഉടന്‍ അറസ്റ്റ് ചെയ്യണം: മമത

കൊല്‍ക്കത്ത: ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനായി ബി.ജെ.പി. നടത്തിയ ഗൂഢാലോചനയാണ് പ്രവാചകനിന്ദ സംബന്ധിച്ചുള്ള വിവാദങ്ങള്‍ക്ക് പിന്നിലെന്നും ബി.ജെ.പി. മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ‘എന്തുകൊണ്ടാണ് നൂപുര്‍ ശര്‍മയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത്? ഇതൊരു ഗൂഢാലോചനയാണ്-വിദ്വേഷം പ്രചരിപ്പിക്കാനുള്ള നയം, ഭിന്നതയുണ്ടാക്കാന്‍ ബിജെപിയുടെ നയം’. മമത പറഞ്ഞു.

‘തീ കൊണ്ട് നിങ്ങള്‍ക്ക് കളിക്കാനാവില്ല, അതുകൊണ്ടാണ് നൂപുര്‍ ശര്‍മയുടെ അറസ്റ്റിനായി ആവശ്യമുയരുന്നത്’. ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തില്‍ തനിക്ക് വിശ്വാസമില്ലെന്നും ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, സിഖുകാര്‍, ജൈനമതക്കാര്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ് താനും തന്റെ പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു. ദേശീയ മാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

നൂപുര്‍ ശര്‍മക്കെതിരെ കൊല്‍ക്കത്ത പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ദിവസങ്ങള്‍ക്ക് പിന്നാലെയാണ് അവരുടെ അറസ്റ്റിനെ കുറിച്ച് മമതയുടെ ഭാഗത്ത് നിന്ന് പരാമര്‍ശമുണ്ടായിരിക്കുന്നത്. കൊല്‍ക്കത്ത പോലീസ് ഇതിനോടകം തന്നെ നൂപുറിനെതിരെ രണ്ട് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജൂണ്‍ 20 ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നാര്‍ക്കെല്‍ദംഗ പോലീസ് നൂപുര്‍ ശര്‍മയ്ക്ക് സമന്‍സ് അയച്ചിരുന്നു. ജൂണ്‍ 25 ന് ഹാജരാകാന്‍ ആംഹെസ്റ്റ് പോലീസും ആവശ്യപ്പെട്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ച് നൂപുര്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. ഇതിന് ശേഷമാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version