KeralaNEWS

വൈകിയതെന്തേ…; പി.സി ജോര്‍ജിനെതിരായ പരാതിയില്‍ കോടതിക്ക് സംശയം

തിരുവനന്തപുരം: പി.സി. ജോര്‍ജിനെതിരെ പീഡന പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയെന്ന് കോടതി. ജോര്‍ജിന് ജാമ്യം അനുവദിച്ച ഉത്തരവിലാണ് വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചത്. പരാതി നല്‍കാന്‍ വൈകിയതില്‍ ദുരൂഹതയുണ്ട്. പരാതി നല്‍കാന്‍ 5 മാസം വൈകിയതിന് കൃത്യമായ കാരണം ബോധിപ്പിക്കാനായിട്ടില്ലെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 10-നാണ് പീഡനം നടന്നതായി പരാതിക്കാരി പറയുന്നത്. അഞ്ച് മാസത്തിന് ശേഷമാണ് പരാതിയുമായി ഇവര്‍ പോലീസിന് മുന്‍പില്‍ എത്തിയത്. മുന്‍മന്ത്രിക്കെതിരേ സമാന വിഷയത്തില്‍ നിയമനടപടി സ്വീകരിച്ച വ്യക്തിയായ പരാതിക്കാരി, ഇത്തരം നിയമ നടപടികളെ കുറിച്ച് ധാരണയുള്ളയാളാണ്
പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം ഇവിടെ പാലിക്കപ്പെട്ടിട്ടില്ല എന്നും കോടതി വ്യക്തമാക്കി.

മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനായിട്ടാണ് പി.സി. ജോര്‍ജിനെ വിളിച്ചു വരുത്തിയത്. അതിന്റെ നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് അറസ്റ്റ്. ഇത് സുപ്രീം കോടതി മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള അറസ്റ്റ് ആണ്. അറസ്റ്റ് ചെയ്യുമ്പോള്‍ 41 എ പ്രകാരം നോട്ടീസ് നല്‍കണം. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് എന്താണ് പറയാനുള്ളത് എന്ന അവകാശം നല്‍കണം. അതും കേസില്‍ പാലിച്ചിട്ടില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട നിയമനടപടിക്ക് ജോര്‍ജ് വിധേയനാവുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതി നിയമവുമായി സഹകരിച്ചു പോകുന്ന ആളാണ് എന്ന് കോടതിക്ക് ബോധ്യപ്പെട്ടതായും ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി.

പീഡന പരാതിയില്‍ ശനിയാഴ്ചയാണ് പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിക്കുകയും അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാനായി ക്രൈം ബ്രാഞ്ച് ജോര്‍ജിനെ വിളിച്ച് വരുത്തിയിരുന്നു. ഈ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, പീഡന പരാതി വൈകിയെന്ന കോടതിയുടെ നിരീക്ഷണം വിമര്‍ശിക്കപ്പെടാനും സാധ്യതയുണ്ട്. പരാതി വൈകിയതിന്റെ പേരില്‍ മറ്റും കേസുകളെയും ലൈംഗികാതിക്രമ കേസുകളെയും ഒരേ തട്ടില്‍ വച്ച് അളക്കാനാകില്ലെന്നും പരാതി നല്‍കാന്‍ വൈകിയാലും ലൈംഗികാതിക്രമ കേസുകളില്‍ അന്വേഷണം വൈകരുതെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ഇന്ന് മറ്റൊരു കേസില്‍ വന്നിരുന്നു. ജോര്‍ജിന് ജാമ്യം നല്‍കിക്കഴിഞ്ഞ ശേഷമാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം വന്നതെങ്കിലും വരും ദിവസങ്ങളില്‍ ഈ വിധി ജോര്‍ജിന്‍െ്‌റ കേസുമായി ബന്ധപ്പെട്ട് വായിക്കപ്പെട്ടേക്കാം.

പരാതി വൈകി എന്നതിന്റെ പേരില്‍ കേസ് ഇല്ലാതാകുന്നില്ലെന്നാണ്് ഇന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. ഇരയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ ഇതില്‍ പരിഗണിക്കേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന വ്യക്തി പരാതിപ്പെടാനുണ്ടാകുന്ന കാലതാമസത്തിന് നിരവധി കാരണങ്ങളുണ്ട്. ഇരയുടെ മാനസികാവസ്ഥ, കുടുംബം, സാമൂഹികാവസ്ഥ എന്നിവയൊക്കെ പരിഗണിക്കേണ്ടതുണ്ട്.

കേരളത്തിന്റെ സാമൂഹിക സാഹചര്യത്തില്‍, പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ ഇത്തരം പരാതികള്‍ നല്‍കാന്‍ പരിമിതികളുണ്ട്. ഇതിനെ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസിലെ കാലതാമസവുമായി താരതമ്യം ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. പരാതിയുടെ വസ്തുതകളിലോ യാഥാര്‍ത്ഥ്യങ്ങളിലോ ദുരൂഹത ഉണ്ടെങ്കില്‍ മാത്രമേ കാലതാമസം എന്നത് പരിഗണിക്കേണ്ടതുള്ളൂ എന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് നിരീക്ഷിച്ചിരുന്നു.

Back to top button
error: