NEWSWorld

യൂറോപ്പിനെ നടുക്കി കോപ്പന്‍ഹേഗനിലെ മാളില്‍ വെടിവെപ്പ്; നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

കോപ്പൻഹേഗൻ (ഡെൻമാർക്ക്): യൂറോപ്പിനെ ഞെട്ടിച്ച് ഡെന്മാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിലെ മാളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ മരിച്ചെന്ന് റിപ്പോർട്ട്. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഡാനിഷ് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വെടിവെപ്പ് നടന്ന കോപ്പൻഹേ​ഗൻ സിറ്റി സെന്ററിനും വിമാനത്താവളത്തിനും ഇടയിലുള്ള വലിയ ഫീൽഡ് മാളിന് ചുറ്റും സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് കോപ്പൻഹേഗൻ പൊലീസ് ട്വിറ്ററിൽ കുറിച്ചു. സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങൾ പുറത്തുവന്നു.

   “കനത്ത വെടിവെപ്പാണ് നടന്നത്. എത്രപേർക്ക് പരിക്കേറ്റുവെന്നോ മരിച്ചുവെന്നോ ഞങ്ങൾക്ക് ഇതുവരെ കൃത്യ‌മായ റിപ്പോർട്ട് ലഭിച്ചിട്ടില്ല. സ്ഥിതി​ഗതികൾ വളരെ ഗുരുതരമാണ്,” -കോപ്പൻഹേഗൻ മേയർ സോഫി ആൻഡേഴ്സൺ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് 22 കാരനായ ഡെന്മാർക്ക് പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും  ഭീകരവാദ സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് മേധാവി പറഞ്ഞു.

നൂറുകണക്കിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മാളിൽ, പ്രാദേശിക സമയം വൈകുന്നേരം അഞ്ചരയോടെ ഏറെ തിരക്കുള്ള സമയത്താണ് വെടിവെപ്പ് നടന്നത്. ബ്രിട്ടീഷ് ​ഗായകൻ ഹാരി സ്റ്റെയ്ൽസിന്റെ പരിപാടി നടക്കുന്നതിന് ഒന്നര കിലോമീറ്റർ സമീപത്തായിരുന്നു സംഭവം. ആക്രമണത്തെ തുടർന്ന് പരിപാടി മാറ്റി. കഴിഞ്ഞ‌‌യാഴ്ച നോർവേ  ന​ഗരമായ ഒസ്ലോയിലെ ബാറിന് പുറത്ത് വെടിവെപ്പ് നടന്നിരുന്നു. അന്ന് രണ്ട് പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Back to top button
error: