IndiaNEWS

എയർ ഇന്ത്യയുടെ റിക്രൂട്ടിങ് ദിനത്തിൽ ഇൻഡി​ഗോയിൽ കൂട്ട ‘മെഡിക്കൽ ലീവ്’; ഇൻഡിഗോയുടെ ഭൂരിഭാ​ഗം വിമാനങ്ങളും വൈകി

ദില്ലി: എയർ ഇന്ത്യയുടെ റിക്രൂട്ടിങ് ദിവസത്തിൽ ഇൻഡി​ഗോയുടെ 55 ശതമാനം ആഭ്യന്തര സർവീസുകളും വൈകി. നിരവധി എണ്ണം ക്യാബിൻ ക്രൂ അംഗങ്ങൾ അസുഖ അവധി എടുത്തതിനാലാണ് ഇൻഡി​ഗോ വിമാനങ്ങൾ വൈകിയത്. അവധിയെടുത്ത ഇൻഡി​ഗോ ജീവനക്കാർ എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് പരീക്ഷക്ക് പോയതിനാലാണ് വിമാനങ്ങൾ വൈകിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവം പരിശോധിക്കുകയാണെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ പിടിഐയോട് പറഞ്ഞു.

എയർ ഇന്ത്യയുടെ റിക്രൂട്ട്‌മെന്റ് രണ്ടാം ഘട്ടമാണ് ശനിയാഴ്ച നടന്നത്. അസുഖ അവധി എടുത്ത ഇൻഡിഗോയുടെ ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും റിക്രൂട്ട്മെന്റിന് പോയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനായ ഇൻഡിഗോ നിലവിൽ പ്രതിദിനം ഏകദേശം 1,600 വിമാന സർവീസ് നടത്തുന്നുണ്ട്. സംഭവത്തിൽ പിടിഐയുടെ ചോദ്യത്തോട് ഇൻഡിഗോ പ്രതികരിച്ചില്ല. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് പ്രകാരം ഇൻഡിഗോയുടെ ആഭ്യന്തര വിമാനങ്ങളിൽ 45.2 ശതമാനവും ശനിയാഴ്ച കൃത്യസമയത്ത് സർവീസ് നടത്തി.

അതേസമയം എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര, ഗോ ഫസ്റ്റ്, എയർ ഏഷ്യ ഇന്ത്യ എന്നിവയുടെ വിമാനങ്ങളും വൈകി. എന്നാൽ ഏറ്റവും കൂടുതൽ വൈകിയത് ഇൻഡി​ഗോയുടെ വിമാനങ്ങളാണ്. കഴിഞ്ഞ വർഷം ഒക്‌ടോബർ എട്ടിന് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. പുതിയ വിമാനങ്ങൾ വാങ്ങാനും സേവനങ്ങൾ മെച്ചപ്പെടുത്താനും ഒരുങ്ങുന്നതിന്റെ ഭാ​ഗമായാണ് എയർ ഇന്ത്യ പുതിയ ജീവനക്കാരെ തേ‌ടുന്നത്.

Back to top button
error: