CrimeNEWS

വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയ ഇരുപത്തേഴുകാരന്‍ അറസ്റ്റില്‍

വിവാഹമോചിതരായ സ്ത്രീകള്‍ അംഗങ്ങളായ മാട്രിമോണിയല്‍ ആപ്ലിക്കേഷനില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്

ചേര്‍ത്തല: വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചെമ്പഴന്തി ചെറുകുന്നം പങ്കജമന്ദിരത്തില്‍ എച്ച്.യു. വിഷ്ണു (27) വിനെയാണ് അര്‍ത്തുങ്കല്‍ പോലീസ് എറണാകുളത്തുനിന്നു പിടികൂടിയത്.

വിവാഹമോചിതരായ സ്ത്രീകള്‍ അംഗങ്ങളായ മാട്രിമോണിയല്‍ ആപ്ലിക്കേഷനില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഏഴുലക്ഷം രൂപയും 26,000 രൂപയുടെ ഫോണും തട്ടിയെടുത്തെന്നുകാട്ടി ചേര്‍ത്തല തെക്ക് സ്വദേശിനി നല്‍കിയ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്്. തൃശൂര്‍ ചേലക്കരയില്‍ ഇയാള്‍ക്കെതിരേ സമാന കേസുണ്ട്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവാഹമോചിതനാണെന്നു സൂചിപ്പിച്ച് മാന്യമായ പെരുമാറ്റത്തിലുടെയും സംസാര ശൈലിയിയിലുടെയും സ്ത്രീകളെ വലയിലാക്കിയാണ് പണം വാങ്ങുന്നത്. സാമൂഹികമാധ്യമങ്ങളില്‍ സ്വന്തം ചിത്രം ഉപയോഗിക്കാതെ സുമുഖരുടെ ചിത്രങ്ങളാണ് ഇയാള്‍ ചേര്‍ത്തിരുന്നത്.

2021-ലാണ് ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ വിവാഹമോചിതയായ യുവതിയെ മാട്രിമോണിയല്‍ ആപ്ലിക്കേഷനിലൂടെ മൊെബെല്‍ വഴി പരിചയപ്പെട്ടത്. വിവാഹമോചിതനാണെന്നും എറണാകുളം കലക്ടറേറ്റിലെ റവന്യൂ ഉദ്യോഗസ്ഥനാണെന്നുമാണ് ധരിപ്പിച്ചിരുന്നത്. മുംെബെ പോര്‍ട്ടില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ശരിയായതിനാല്‍ കലക്ടറേറ്റിലെ ജോലി രാജിവയ്ക്കുകയാണെന്നും അറിയിച്ചു. ഇത്തരത്തില്‍ അടുത്തശേഷം പല ആവശ്യങ്ങള്‍ പറഞ്ഞു പണവും ഫോണും കൈക്കലാക്കിയെന്നാണു പരാതി.

ചേര്‍ത്തല ഡിവൈ.എസ്.പി: ടി.ബി. വിജയന്റെ നിര്‍ദേശപ്രകാരം അര്‍ത്തുങ്കല്‍ സ്റ്റേഷന്‍ ഓഫീസര്‍ പി.ജി. മധുവിന്റെ നേതൃത്വത്തില്‍ എസ്.ഐ: ഡി. സജീവ് കുമാര്‍, ഉദ്യോഗസ്ഥരായ ആര്‍. ഷാം, എ.എന്‍.സുധി, ഡിവൈ.എസ്.പി: ക്രൈം സ്‌ക്വാഡിലെ സി.പി.ഒമാരായ കെ.പി. ഗിരീഷ്, സി.എസ്. ശ്യാംകുമാര്‍, പി.ആര്‍. പ്രവീഷ്, എം. അരുണ്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Back to top button
error: