”കൊന്നിട്ടും കലി തീരുന്നില്ലെങ്കില്‍ ഞങ്ങളെ കൂടി കൊല്ലൂ”; കോണ്‍ഗ്രസ് നേതാവിനെതിരേ പൊട്ടിത്തെറിച്ച് ധീരജിന്റെ കുടുംബം

കണ്ണൂര്‍: വിദ്യാര്‍ഥി സംഘര്‍ഷത്തിനിടെ കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുത്തേറ്റു മരിച്ച ഇടുക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രനെ ആക്ഷേപിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി ഡി.സി.സി. പ്രസിഡന്‍്‌റ് നടത്തിയ പ്രസ്താവനകള്‍ക്കെതിരേ കുടുംബം രംഗത്ത്.

കൊന്നിട്ടും കലി തീരുന്നില്ലെങ്കില്‍ തങ്ങളെ കൂടി കൊല്ലണമെന്ന് ധീരജിന്റെ അമ്മ പറഞ്ഞു. ”ധീരജിനെതിരായ അപവാദ പ്രചാരണം സഹിക്കാവുന്നതിന്റെ അപ്പുറമാണ്. കള്ളും കഞ്ചാവും കുടിച്ച് നടന്ന സംഘത്തില്‍പ്പെട്ടവനാണ് ധീരജ് എന്നിങ്ങനെ അപവാദങ്ങള്‍ പറഞ്ഞ് നടക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമാണ് ഇത്. മരണം ഇരന്ന് വാങ്ങിയെന്ന പരാമര്‍ശം ഏറെ വേദനിപ്പിച്ചു. ”- മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് ധീരജിന്റെ അച്ഛന്‍ പറഞ്ഞു.

”രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്ത എസ്.എഫ്.ഐക്കാര്‍ ധീരജിന്റെ അനുഭവം ഓര്‍ക്കണ”മെന്ന സി.പി. മാത്യുവിന്റെ വിവാദപ്രസംഗത്തിനെതിരേയാണു ധീരജിന്റെ മാതാപിതാക്കള്‍ രംഗത്തെത്തിയത്. കൊന്നിട്ടും കലി തീരാതെ വീണ്ടും വീണ്ടും ധീരജിനെ കൊല്ലുകയാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ധീരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ധീരജിന്‍േ്‌റത് ഇരന്നു വാങ്ങിയ മരണമെന്നു പറഞ്ഞ് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനും ആക്ഷേപിച്ചിരുന്നു.

ഇടുക്കി ഡി.സി.സി. പ്രസിഡന്റിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ധീരജിന്റെ കുടുംബം വ്യക്തമാക്കി. ഇടുക്കി എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. പ്രവര്‍ത്തകനുമായ ധീരജ് രാജേന്ദ്രന്‍ കഴിഞ്ഞ ജനുവരി പത്തിനാണ് കുത്തേറ്റു മരിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version