നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന പിഞ്ചുകുഞ്ഞ് ചൂടേറ്റ് മരിച്ചു; അമ്മയ്‌ക്കെതിരേ കേസെടുത്തേക്കും

മഡിസണ്‍ കൗണ്ടി: അമേരിക്കയിലെ ജോര്‍ജിയയില്‍ നിര്‍ത്തിയിട്ട കാറില്‍ മണിക്കൂറുകള്‍ ഇരുന്ന ഒരു വയസ്സുള്ള കുട്ടി ചൂടേറ്റ് മരിച്ചു. മാഡിസണ്‍ കൗണ്ടി ഡാനിയേല്‍സ് വില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ കുട്ടിയെ ഡേ കെയറിലാക്കാന്‍ പോയതായിരുന്നു അമ്മ. എന്നാല്‍ ഡേ കെയറില്‍ കുട്ടിയെ ഇറക്കാന്‍ അമ്മ മറന്നു. നേരെ വാള്‍ഗ്രീന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയ ഇവര്‍ നാലു മണിക്കൂറിന് ശേഷമാണ് കാറില്‍ എത്തുന്നത്.

ശക്തമായ ചൂടില്‍ കാറിലിരുന്ന കുഞ്ഞിനെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. ഉടനെ സഹായം അഭ്യര്‍ത്ഥിച്ച് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തി കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണമാണെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടിയുടെ മാതാവിനെതിരെ കേസെടുക്കണോയെന്ന് അന്വേഷണത്തിന് ശേഷം മാത്രമെ പറയാനാകൂ എന്ന് അധികൃതര്‍ അറിയിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version