KeralaNEWS

തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തുകൊണ്ട് പിണറായിയെ ചോദ്യം ചെയ്യുന്നില്ല?; സി.പി.എം.- ബി.ജെ.പി. രഹസ്യധാരണയെന്ന് രാഹുല്‍

ദില്ലി: തന്നെ അഞ്ചു ദിവസം ചോദ്യം ചെയ്ത ഇഡി എന്തു കൊണ്ടാണ് പിണറായി വിജയനെ ചോദ്യം ചെയ്യാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം പി. സിപിഎമ്മിനോട് ഒരു ചോദ്യം ചോദിക്കാനുണ്ട് എന്നു പറഞ്ഞായിരുന്നു രാഹുലിന്‍െ്‌റ ചോദ്യം. ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണ ഉണ്ട്. ബഫര്‍ സോണ്‍ സംബന്ധിച്ച് പിണറായി വിജയന്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. സിപിഎം തന്റെ ഓഫീസ് എത്ര തവണ തകര്‍ത്താലും പ്രശ്‌നമില്ല. യഥാര്‍ത്ഥ പ്രശ്‌നം മറക്കാനാണിതൊക്കെ അവര്‍ ചെയ്യുന്നതെന്നും രാഹുല്‍ പറഞ്ഞു.

ബി ജെ പി സാമൂഹ്യ ഘടനയെ മാത്രമല്ല, സാമ്പത്തിക ഘടനയെയും ആക്രമിക്കുന്നു. രാജ്യത്തെ ഭരണസംവിധാനങ്ങള്‍ ബിജെപിയും ആര്‍എസ്എസും ആക്രമിക്കുകയാണെന്നും ബിജെപിയെ എതിര്‍ക്കുന്നവര്‍ക്ക് ഇഡിയെ നേരിടെണ്ടി വരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തുകയാണ്. തന്നെ ചോദ്യം ചെയ്താല്‍ താന്‍ ഭയപ്പെടും എന്ന് ബിജെപി കരുതിയെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധി എംപിയുടെ വയനാട് മണ്ഡല പര്യടനം തുടരുകയാണ്. അതിനിടെ, ഇന്നലെ ബഫര്‍സോണ്‍ വിഷയത്തില്‍ താനയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസ് വ്യക്തമാക്കി. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി 2022 ജൂണ്‍ എട്ടിന് മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് 2022 ജൂണ്‍ 13 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു.

2022 ജൂണ്‍ 23 ന് മുഖ്യമന്ത്രി കത്തിലൂടെ രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിക്ക് ശേഷം ബഫര്‍ സോണ്‍ വിഷയത്തില്‍ ഉയര്‍ന്ന എല്ലാ ആശങ്കകളും മതിയായ നടപടികളിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കുകയും വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഈ വിഷയം ഉന്നയിക്കണമെന്ന് അദ്ദേഹത്തോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്‌തെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

 

Back to top button
error: