മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഗോവയിൽ, അനുയായികളുമായി ഇന്ന് മുംബൈയിലെത്തും; ഇതിനാടെ ഉദ്ദവ് താക്കറെ ശിൻഡെയെ ശിവസേനയിൽ നിന്ന് പുറത്താക്കി

    മഹാരാഷ്ട്രാ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ഇന്ന് പുലർച്ചെ ഗോവയിലെത്തി. ഉച്ചയോടെ അദ്ദേഹം എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. ശിവസേനയിലെ 40 അടക്കം 50 എംഎൽഎമാർ ഗോവയിലെ ഹോട്ടലിൽ തങ്ങുന്നുണ്ട്. നാടകീയതകൾക്കൊടുവിൽ വ്യാഴാഴ്ച വൈകീട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷിൻഡെയോട് തിങ്കളാഴ്ച ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഷിൻഡെയടക്കം 16 വിമത എംഎൽഎമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹർജികൾ തിങ്കളാഴ്ച സുപ്രീംകോടതിയുടെ പരിഗണനക്ക് വരാനിരിക്കെയാണ് അതേദിവസം തന്നെ വോട്ടെടുപ്പ് നടക്കാൻപോകുന്നത്.

ഇതിനിടെ ബിജെപി പിന്തുണയോടെ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയെ പാർട്ടി പദവികളിൽനിന്ന് ഉദ്ധവ് താക്കറെ നീക്കം ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ അടക്കം അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉദ്ധവ് പ്രസ്താവനയിൽ അറിയിച്ചു. ഷിൻഡെ പാർട്ടി അംഗത്വ സ്വമേധയാ ഉപേക്ഷിച്ചുവെന്നും ഉദ്ധവ് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

വിമത നീക്കം തുടങ്ങിയതിന് തൊട്ട് പിന്നാലെ നിയമസഭാ കക്ഷി നേതൃ സ്ഥാനവും ശിൻഡെയിൽ നിന്ന് എടുത്ത് മാറ്റിയിരുന്നു. അതേസമയം നാളെ നടക്കുന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ മഹാവികാസ് അഖാഡി സഖ്യത്തിൽ തീരുമാനം ആയില്ല. സ്പീക്കർ സ്ഥാനം സഖ്യത്തിൽ കോൺഗ്രസിന് അവകാശപ്പെട്ടതായിരുന്നു.

ഉദ്ധവിന്റെ രാജിക്ക് പിന്നാലെ വ്യാഴാഴ്ച വൈകീട്ട് നാടകീയമായിട്ടാണ് ഷിൻഡെ രാജ്ഭവനിലെത്തി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആദ്യം വിമുഖത കാണിച്ച ഫഡ്നവിസ് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version