NEWS

മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് കൂടി ചുമത്തി ദില്ലി പൊലീസ്

ദില്ലി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ വിദേശ വിനിമയ ചട്ടലംഘന കേസ് കൂടി ചുമത്തി ദില്ലി പൊലീസ്.
വിദേശ ഫണ്ട് ലഭിച്ചുവെന്ന് ആരോപിച്ചാണ് വിദേശ വിനിമയ ചട്ടത്തിലെ സെക്ഷന്‍ 35 കൂടി എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്. നേരത്തെ മുഹമ്മദ് സുബൈറിനെതിരെ മത വികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു. ഈ വകുപ്പുകള്‍ പ്രകാരം സുബൈര്‍ കുറ്റം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി.
1983ലെ ‘കിസി സേ ന കഹാ’ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച്‌ നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായി. എഫ്‌ഐആര്‍ അനുസരിച്ച്‌, ഹനുമാന്‍ ഭക്ത് എന്ന അക്കൗണ്ടില്‍ @balajikijaiin യൂസര്‍ നെയിമിലാണ് ഈ അക്കൌണ്ട് ഉണ്ടായിരുന്നത്.സംഭവത്തിൽ ദില്ലി പൊലീസ് സ്വയം കേസെടുക്കുകയായിരുന്നു.

Back to top button
error: