ആംബര്‍ഗ്രീസിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്.; 5 പേർ പിടിയിൽ

മലപ്പുറം: ആംബര്‍ഗ്രീസിന്‍റെ പേരില്‍ കോടികളുടെ തട്ടിപ്പ്. 25 കിലോയോളം വ്യാജ ആംബര്‍ഗ്രീസുമായി 5 പേർ മലപ്പുറത്ത് പൊലീസിന്‍റെ പിടിയിലായി. മേലാറ്റൂര്‍ സ്വദേശികളായ അബ്ദുൾ റൌഫ്, മജീദ്,  തളിപ്പറമ്പ് സ്വദേശി കനകരാജന്‍, തിരൂര്‍ സ്വദേശി  രാജന്‍, ഓയൂര്‍ സ്വദേശി ഷെരീഫ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ആംബര്‍ഗ്രീസ് കയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.

പെരിന്തല്‍മണ്ണ സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഇരുപത്തഞ്ച് കിലോയോളം തൂക്കംവരുന്ന ആംബര്‍ഗ്രീസ് തങ്ങളുടെ കൈവശമുണ്ടെന്നും  മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 45 ലക്ഷത്തോളം രൂപ വിലയുണ്ടെന്നുമാണ്  പെരിന്തല്‍മണ്ണ സ്വദേശിയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. അഡ്വാന്‍സായി പതിനായിരം രൂപ വാങ്ങി. ആറ് കിലോയോളം വരുന്ന വ്യാജ ആംബര്‍ഗ്രീസ് കൈമാറുകയും ചെയ്തു. ബാക്കി, പണം മുഴുവനും കൈമാറുമ്പോള്‍ കൊടുക്കാമെന്നായിരുന്നു വ്യവസ്ഥ. പിന്നീടാണ് പെരിന്തല്‍മണ്ണ സ്വദേശിക്ക് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. സംഘം മറ്റ് ജില്ലകളിലും തട്ടിപ്പ് നടത്തിയതായി സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

കടലില്‍ നിന്ന് അപൂര്‍വ്വമായി മീന്‍പിടുത്തക്കാര്‍ക്കും മറ്റും ലഭിക്കുന്നതാണ് ആംബര്‍ഗ്രീസ് എന്നറിയപ്പെടുന്ന തിമിംഗല ശര്‍ദ്ദില്‍. സുഗന്ധ ദ്രവ്യ നിർമാണത്തിനും മറ്റും ഉപയോഗിക്കുന്ന ആംബർഗ്രീസിന് അന്താരാഷ്ട്ര വിപണിയില്‍ മോഹവിലയാണ്. എന്നാല്‍ ഇത് കൈവശം വയ്ക്കുന്നതും കൈമാറുന്നതും വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version