NEWSWorld

മുന്നറിയിപ്പ് മറികടന്ന് വാഹനവുമായി വെള്ളത്തില്‍ സാഹസിക അഭ്യാസപ്രകടനം: യുവാവ് അറസ്റ്റില്‍

മസ്‌കത്ത്:  മുന്നറിയിപ്പ് മറികടന്ന് വെള്ളക്കെട്ടിലൂടെ വാഹനവുമായി സാഹസിക അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍. ഒമാന്‍ വാഹനവുമായി സാഹസിക അഭ്യാസം നടത്തിയ സ്വദേശി യുവാവിനെ റോയല്‍ ഒമാന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ വാദിയിലൂടെ ഇയാള്‍ വാഹനം ഓടിക്കുകയായിരുന്നു. ജബല്‍ അല്‍ അഖ്ദറിലായിരുന്നു സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടതിന് തുടര്‍ന്ന് അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡ് അന്വേഷണം നടത്തുകയും യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ജീവന്‍ അപകടത്തിലാക്കുന്ന പ്രവൃത്തിയാണ് യുവാവിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപകടകരമായ പ്രവൃത്തിയില്‍ ബോധപൂര്‍വം ഏര്‍പ്പെട്ടതിനാണ് നടപടിയെടുത്തത്. ഇയാള്‍ക്കെതിരായ തുടര്‍നടപടികള്‍ പൂര്‍ത്തീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വാദികളില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഈ സമയത്ത് വാദികളില്‍ നിന്ന് ജനങ്ങള്‍ അകലം പാലിക്കണമെന്നും അവ മുറിച്ചുകടക്കാന്‍ ശ്രമിക്കരുതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോരിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ചില വ്യക്തികള്‍ വാദികളുടെ പരിസരത്തും ഡാമുകളുടെ സമീപത്തും നില്‍ക്കുന്നതിന്റെയും മഴയുള്ള സമയത്ത് നീന്തുന്നതിന്റെയും വാഹനത്തില്‍ വാദികള്‍ മുറിച്ചുകടക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതായും അന്ന് സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിരുന്നു. ഇതു മറികടന്നാണ് യുവാവിന്‍െ്‌റ സാഹസികപ്രകടനം.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും എല്ലാവരും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഒരാളെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.

Back to top button
error: