IndiaNEWS

ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയെന്ന് സുപ്രീം കോടതി

രാജ്യത്തോട് മാപ്പ് പറയണമെന്നും കോടതി

ദില്ലി: ഉദയ്പൂര്‍ സംഭവത്തിന് ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി സുപ്രീം കോടതി. നബി വിരുദ്ധ പരാമര്‍ശത്തില്‍ തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷ വിമര്‍ശനം.

കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലില്‍ ചര്‍ച്ച ചെയ്തത് എന്തിനെന്ന് സുപ്രീംകോടതി ചോദിച്ചു. പരാമര്‍ശം പിന്‍വലിക്കാന്‍ വൈകിയെന്നു വിമര്‍ശിച്ച കോടതി, രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും ഇതുമൂലം രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മ്മയാണെന്നും കുറ്റപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലായിരുന്നു നൂപുര്‍ ശര്‍മ്മ തനിക്കെതിരായ കേസുകള്‍ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകള്‍ ഒന്നിച്ച് ദില്ലി പൊലീസിന്റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് അവര്‍ ആവശ്യപ്പെടുന്നത്.

ബിജെപി നേതാവും പാര്‍ട്ടി വക്തമാവുമായിരുന്ന നൂപുര്‍ ശര്‍മ്മ മെയ് 28ന് ഗ്യാന്‍വാപി സംഭവത്തെ കുറിച്ചുള്ള ഒരു ടെലിവിഷന്‍ വാര്‍ത്താ ചര്‍ച്ചയില്‍ പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചും ഇസ്ലാമിക മതഗ്രന്ഥങ്ങളില്‍ നിന്നുള്ള ചില കാര്യങ്ങള്‍, ആളുകള്‍ എന്നിവ പരിഹാസ പാത്രമാണെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇത് വിവാദമാകുകയും രാജ്യത്തിന് പുറത്തും വലിയ പ്രതിഷേധമുയരുകയുമായിരുന്നു.

ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ അപലപിക്കുന്ന സാഹചര്യത്തിലെത്തിയതോടെ ശര്‍മ്മയെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. വിവാദം കത്തിപ്പടര്‍ന്നതോടെ തന്റെ പ്രസ്താവന പിന്‍വലിക്കുന്നതായി നുപുര്‍ ട്വീറ്റ് ചെയ്തു.

Back to top button
error: