HealthLIFE

ടിവി കണ്ടാണോ ഉറങ്ങുന്നേ ? എങ്കില്‍ അത് അത്ര നല്ലതല്ലെന്ന് പുതിയ പഠനം

ക്ഷണം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും ടിവി കാണണമെന്നുള്ളവര്‍ ഏറെയാണ്. അല്ലെങ്കില്‍ ലാപ്ടോപ്, മൊബൈല്‍ സ്ക്രീനുകളിലേക്ക് നോക്കിയിരുന്നാലും മതി. മറ്റ് ചിലര്‍ക്ക് ഉറക്കം വരുവോളം ടിവി കാണണം. അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കണം. ഇവരില്‍ പലരും ഉറക്കത്തിലേക്ക് പോകുമ്പോള്‍ ടിവി ഓഫ് ചെയ്യാൻ വിട്ടുപോകാറുമുണ്ട്.

ഉറക്കത്തിനിടയില്‍ എഴുന്നേറ്റ് ടിവി ഓഫ് ചെയ്യുകയോ അല്ലെങ്കില്‍ രാവിലെ ഇത് ചെയ്യുകയോ ചെയ്യുന്നവരാണ് ഏറെയും. എന്നാലിത്തരത്തില്‍ ടിവി ഓണ്‍ ചെയ്ത് ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നത്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍.

ടിവി ഓണ്‍ ചെയ്ത് ഉറങ്ങുമ്പോള്‍ ഒരു പ്രത്യേക ഇടത്തില്‍ നിന്ന് മാത്രം വരുന്ന ലൈറ്റ് ഏറ്റാണ് നാം ഉറങ്ങുന്നത്. ഇത് ക്രമേണ ഹൃദയത്തെ മോശമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്. പ്രത്യേകിച്ച് അറുപത് വയസ് കടന്നവരാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ഭാഗ്യവശാല്‍ ടിവി ഓണ്‍ ചെയ്ത് ഉറങ്ങുന്നതും അധികവും പ്രായമായവര്‍ തന്നെയാണ്.

ഉറക്കത്തിനിടെ തന്നെ ഹൃദയമിടിപ്പ് കാര്യമായ രീതിയില്‍ കൂടുന്നതിനും രക്തത്തിലെ ഷുഗര്‍ കൂടുന്നതിനുമെല്ലാം ടിവി ലൈറ്റ് കാരണമാകുന്നുവെന്നാണ് പഠനം പറയുന്നത്. ടിവി ലൈറ്റ് മാത്രമല്ല, ഇതിന് സമാനമായ ലൈറ്റുകളൊന്നും തന്നെ കിടപ്പുമുറിയില്‍ പാടില്ലെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

ഇത്തരത്തിലുള്ള വെളിച്ചത്തില്‍ ഉറങ്ങുന്നത് മൂലം ശരീരത്തിന് ഇൻസുലിന്‍ ഹോര്‍മോണ്‍ ആവശ്യമായ രീതിയില്‍ കൈകാര്യം ചെയ്യാൻ സാധിക്കുകയില്ലത്രേ. ഇൻസുലിൻ ഹോര്‍മോണ്‍ ആണ് നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഷുഗറിനെ ഗ്ലൂക്കോസ് ആയി മാറ്റുന്നതും അത് ഊര്‍ജ്ജം (എനര്‍ജി ) ആക്കി മാറ്റുന്നതും. ഇൻസുലിൻ പ്രവര്‍ത്തനം ശരിയാകാതിരിക്കുമ്പോള്‍ അത് പ്രമേഹത്തിലേക്ക് നയിക്കുന്നു.

ഡിം ലൈറ്റിന് പുറമെ വലിയ രീതിയില്‍ വെളിച്ചമുള്ള മുറിയില്‍ ഉറങ്ങുന്നതും ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനം പറയുന്നത്. ഇവരില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പതിവാകാമെന്നും ഹൃദ്രോഗ സാധ്യത കൂടാമെന്നും പഠനം പറയുന്നു.

Back to top button
error: