NEWS

പട്ടാമ്പിയുടെ ചരിത്രം അഥവാ നേതിരിമംഗലത്തിന്റെ ചരിത്രം

കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ
നെടുങ്ങനാട്ടിലെ ഒരു പ്രധാന നഗരമാണ് പട്ടാമ്പി.അല്ലെങ്കിൽ ഇന്നത്തെ പട്ടാമ്പി താലൂക്കിന്റെ ആസ്ഥാനം.പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്.ഭാരതപ്പുഴയുടെ തീരത്താണ് പട്ടാമ്പി സ്ഥിതി ചെയ്യുന്നത്.
കല്ലടിക്കോടൻ മലനിരകൾ തൊട്ട് പൊന്നാനി-പുറങ്ങ് കടൽത്തീരം വരെയുള്ള പ്രദേശമായിരുന്നു പ്രാചീന നെടുങ്ങനാട്. നെടുങ്ങേതിരിപ്പാടായിരുന്നു ഭരണാധികാരി. ചെമ്പുലങ്ങാട് കൊടിക്കുന്നായിരുന്നു ഭരണ തലസ്ഥാനം. പട്ടാമ്പി-പള്ളിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം മാക്കോവിലകമായിരുന്നു ആസ്ഥാനം. ആദ്യകാലത്ത് നെടുങ്ങാടിമാരിൽ  നിന്നായിരുന്നു നെടുങ്ങേതിരി എന്നും പിന്നീട് തിരുമുൽപ്പാടന്മാർ ഭരണമേറ്റെടുത്തു എന്നും പറഞ്ഞുവരുന്നു.
ഇവരിൽനിന്നും പിരിഞ്ഞുപോന്ന ഒരുകൂട്ടർ ചെർപ്പുളശ്ശേരി കേന്ദ്രമാക്കി കർത്താക്കന്മാർ എന്ന പേരിൽ ഭരിച്ചുവന്നു. കവളപ്പാറ, തൃക്കടീരി, വീട്ടിക്കാട്-കണ്ണമ്പ്ര, വട്ടക്കാവിൽ പെരുമ്പടനായന്മാരായിരുന്നു നെടുങ്ങേതിരിയുടെ കീഴിൽ നെടുങ്ങനാട്  ഭരിച്ചിരുന്ന പ്രഭുക്കൾ. ഇതിൽ വട്ടക്കാവിൽ പെരുമ്പട നായരുടെ ആസ്ഥാനമാണ് നേതിരിമംഗലം. ഇട്ടിനെതിരി എന്ന നെടുങ്ങനാട്ടു പടനായർ എന്നാണ് വട്ടക്കാവിൽ പെരുമ്പടനായരുടെ സ്ഥാനം. ഇതിൽനിന്നാണ് നേതിരിമംഗലം എന്ന ദേശപ്പേർ ഉരുത്തിരിയുന്നത്.
എ.ഡി.1487 -നടുത്ത് സാമൂതിരി നെടുങ്ങനാട്  കീഴടക്കി. അങ്ങനെ പട്ടാമ്പി സാമൂതിരി  ഭരണത്തിൻ കീഴിലായി. 1766-ൽ ഹൈദരലി മൈസൂർ പടയുമായി വന്നു. ടിപ്പു  പട്ടാമ്പിക്കടുത്തു പൂവ്വക്കോട് രാമഗിരിയിൽ ഒരു കോട്ടകെട്ടി. 1792-ൽ കമ്പനി ഭരണം ആരംഭിച്ചു. ബ്രിട്ടീഷുകാർ കൂററനാട്ട് നെടുങ്ങനാട് തുക്കിടി മുൻസിഫ് കോടതി ആരംഭിച്ചു. ഇത് പിന്നീട് പട്ടാമ്പിക്കു മാററുകയുണ്ടായി.
പട്ടനമ്പി എന്ന വാക്കായിരിക്കാം പട്ടാമ്പി എന്നു മാറിയത്. പിന്നീട് റെയിൽവേ വന്ന് സ്റ്റേഷന് പട്ടാമ്പി എന്നു നാമകരണം ചെയ്തതോടെ ആ നാമം സാർവ്വത്രികമായി ഉപയോഗിക്കുകയും നേതിരിമംഗലം എന്ന നാമം ആധാരങ്ങളിൽ മാത്രം എഴുതിവരികയും ചെയ്യുന്നു.

Back to top button
error: