NEWS

പേവിഷബാധയെക്കുറിച്ച്‌ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍

നായയുടെ കടിയേറ്റിട്ടും അശ്രദ്ധ കാട്ടി അവസാനം ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി ശ്രീലക്ഷ്മിയുടെ മരണം വീണ്ടും പേവിഷ ബാധയെക്കുറിച്ചുള്ള ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.അടുത്തിടെ
ചേർത്തല അര്‍ത്തുങ്കലില്‍ പട്ടി കടിച്ചത് വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചതിനെത്തുടര്‍ന്ന് പതിനാലുകാരന്‍ പേവിഷബാധ മൂലം മരിച്ചെന്ന വാര്‍ത്തയും അതിന് പിന്നാലെ
കാലിന് തെരുവ് നായയുടെ മാന്ത് ഏറ്റിട്ടും പ്രതിരോധ കുത്തിവയ്പ്പ് എടുക്കാതെ അവഗണിച്ച വയനാട് സുല്‍ത്താന്‍ ബത്തേരി മുത്തങ്ങയിൽ നിന്നുള്ള മുപ്പതുകാരനായ യുവാവ് മരണപ്പെട്ട വാര്‍ത്തയും നാം കേട്ടിരുന്നു.എത്ര അനുഭവങ്ങൾ മുന്നിൽ ഉണ്ടായിട്ടും നാം ഇത്തരം കേസുകളെ ഗൗരവമായി എടുക്കുന്നില്ല എന്നതാണ് വാസ്തവം.
നിര്‍ദിഷ്ട ക്രമപ്രകാരമുള്ള വെറും നാലേനാല് പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാവിധി സ്വീകരിച്ചിരുന്നുവെങ്കില്‍ നൂറുശതമാനം തടയാന്‍ കഴിയുമായിരുന്ന മരണങ്ങളായിരുന്നു ഇവ.
പേവിഷബാധയെ പറ്റിയുള്ള അശ്രദ്ധയും അവഗണനയും ഒരു പക്ഷേ അറിവില്ലായ്മയും ഒടുവില്‍ അവരുടെ ജീവഹാനിക്കിടയാക്കി.എത്രയെത്ര ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നാലും പേവിഷബാധ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു എന്നത് ഗൗരവമുള്ള വസ്തുതയാണ്.

ശ്രദ്ധിക്കുക: ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകരുത് ; മൃഗങ്ങളുടെ കടിയേറ്റാല്‍ എന്ത് ചെയ്യണം?

പേവിഷ ബാധയ്‌ക്കെതിയുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്ത വളര്‍ത്ത് മൃഗമാണ് കടിച്ചതെങ്കിലും മുറിവ് തീരെ ചെറുതാണെങ്കില്‍ പോലും നിസാരമായി കാണരുത്. ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. പേ വിഷ ബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് സര്‍ക്കാര്‍ ആശുപത്രികളില്‍ തികച്ചും സൗജന്യമാണ്. അവഗണനയാണ് പലപ്പോഴും രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നത്.
പേവിഷബാധ 100 ശതമാനം മാരകമായ വൈറസ് രോഗമാണ്. എന്നാല്‍ അടിയന്തര ചികിത്സയിലൂടെയും പ്രതിരോധ കുത്തിവയ്പ്പുകളിലൂടെയും പൂര്‍ണമായും പ്രതിരോധിക്കാന്‍ കഴിയുന്ന ഒരു രോഗവുമാണിത്.
പട്ടി മാത്രമല്ല പൂച്ച, പശു, ആട് തുടങ്ങിയ വളര്‍ത്തു മൃഗങ്ങളില്‍ നിന്നും വന്യമൃഗങ്ങളില്‍ നിന്നും പേവിഷബാധയോല്‍ക്കാം. ഇവയുടെ കടിയേറ്റാല്‍ ആദ്യമായി കടിയേറ്റ ഭാഗം സോപ്പുപയോഗിച്ച് നന്നായി കഴുകേണ്ടതാണ്. അണുക്കളുടെ ഭൂരിഭാഗവും നിര്‍വീര്യമാക്കാന്‍ സോപ്പിന് കഴിയുന്നതാണ് ഇതിന് കാരണം.എന്നിട്ട് ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തേണ്ടതാണ്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പേ വിഷത്തിനുള്ള സൗജന്യ ചികിത്സ ലഭ്യമാണ്. മുറിവിന്റെ ഗുരുതരാവസ്ഥ അനുസരിച്ചാണ് ചികിത്സ. പൊക്കിളിന് ചുറ്റുമുള്ള ഇഞ്ചക്ഷനല്ല ഇപ്പോള്‍ എടുക്കുന്നത്. മറ്റ് കുത്തിവയ്പ്പുകള്‍ പോലെ കൈകളിലാണ് ആന്റി റാബിസ്  വാക്‌സിന്‍ എടുക്കുന്നത്. ആഴത്തിലുള്ള മുറിവാണെങ്കില്‍ ആന്റി റാബിസ് സിറം കൂടി എടുക്കേണ്ടതാണ്.

പേ വിഷബാധ വളരെപ്പെട്ടെന്ന് തലച്ചോറിനേയും നാഡീ വ്യൂഹത്തേയും ബാധിക്കുന്നതിനാല്‍ ഗുരുതരാവസ്ഥയിലേക്കും മരണത്തിലേക്കും എത്തുന്നതിനാല്‍ ആരും പരീക്ഷണത്തിന് നില്‍ക്കരുത്. ഇനിയൊരാള്‍ക്കും ഈയൊരവസ്ഥ ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.

Back to top button
error: