Breaking NewsIndiaNEWS

മഹാരാഷ്ട്ര ക്ലൈമാക്‌സില്‍ വമ്പന്‍ ട്വിസ്റ്റ്: ഷിന്‍ഡെ മുഖ്യമന്ത്രി, ഫഡ്‌നാവിസ് മന്ത്രിസഭയിലേക്കില്ല; സത്യപ്രതജ്ഞ ഇന്ന് ഏഴിന്

മുംബൈ: ഏറെ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ മഹാരാഷ്ട്രയില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ്. പ്രതിപക്ഷനേതാവും ബി.ജെ.പി. എം.എല്‍.എയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുമെന്നു കരുതിയിടത്തുനിന്ന് കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. വിമത ശിവസേനാ നേതാവ് ഏക്‌നാഫ് ഷിന്‍ഡെയാകും പുതിയ മുഖ്യമന്ത്രി. ഇന്ന് വൈകിട്ട് ഏഴിന് ഷിന്‍ഡെ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കും എന്നാണ് ഒടുവില്‍കിട്ടുന്ന റിപ്പോര്‍ട്ട്. ശിവേസനാ ഔദ്യോഗികപക്ഷത്തെ പോലും ഞെട്ടിച്ചുകൊണ്ട് അപ്രതീക്ഷിതനീക്കമാണ് ബി.ജെ.പിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് ഷിന്‍ഡേയ്‌ക്കൊപ്പം ഗവര്‍ണറെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഫഡ്‌നാവിസ് സര്‍ക്കാരിന്റെ ഭാഗമാകില്ല. ഇത് ഏകനാഥ് ഷിന്‍ഡേയുടെ സര്‍ക്കാരാണെന്നായിരുന്നു ഫഡ്‌നാവിസിന്റെ പ്രഖ്യാപനം. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായിട്ടാണ് ദേവേന്ദ്ര ഫഡ്‌നാവിസ് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഷിന്‍ഡേയും ഫഡ്‌നവിസും ഒരേ വാഹനത്തിലാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും നദ്ദയുടേയും പിന്തുണയുള്ള സര്‍ക്കാരാണ് അധികാരത്തില്‍ വരുന്നതെന്ന് ഏകനാഥ് ഷിന്‍ഡേ പ്രതികരിച്ചു. രാത്രി 7 ന് രാജ്ഭവന്‍ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

മന്ത്രിസഭാ വിപുലീകരണവും വകുപ്പ് വിഭജനങ്ങളും ഉടന്‍ നടത്തുമെന്നും ഫഡ്‌നാവിസ് അറിയിച്ചു. 2019-ലെ ജനവിധിയെ അപമാനിച്ചുകൊണ്ടാണ് ശിവസേന, എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും ഫഡ്‌നാവിസ് പറഞ്ഞു.’ബിജെപിയും ശിവസേനയും സഖ്യത്തിലാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അധികാരത്തിലേറാനുള്ള ഭൂരിപക്ഷവും ഞങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ശിവസേന തിരഞ്ഞെടുത്തത് കോണ്‍ഗ്രസിനേയും എന്‍.സി.പിയേയുമാണ്.

ജീവിതത്തിലുടനീളം ബാലെസാഹെബ് എതിര്‍ത്തവരോടാണ് ശിവസേന സഖ്യമുണ്ടാക്കിയത്. ഹിന്ദുത്വത്തിനും സവര്‍ക്കര്‍ക്കും എതിരെ പ്രവര്‍ത്തിച്ചവര്‍ക്കൊപ്പമാണ് ശിവസേന ചേര്‍ന്നത്. ജനവികാരത്തെ അവര്‍ അപമാനിച്ചു’ ഫഡ്നാവിസ് പറഞ്ഞു.’കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യം ഉപേക്ഷിക്കാന്‍ ശിവസേന എം.എല്‍.എമാര്‍ ഉദ്ധവ് താക്കറെയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ചു. സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാരേക്കാളും താക്കറെ മുന്‍ഗണന നല്‍കിയത് മഹാവികാസ് അഘാഡി സഖ്യത്തിലെ നേതാക്കള്‍ക്കാണ്. അതുകൊണ്ടാണ് ശിവേസന എംഎല്‍എമാര്‍ക്ക് അവരുടെ ശബ്ദം ഉയര്‍ത്തേണ്ടി വന്നതെ’ന്നും ഫ്ഡ്നാവിസ് പറഞ്ഞു.

അതേസമയം, തങ്ങള്‍ എടുത്ത തീരുമാനം ബാലസാഹെബിന്റെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്നതിനും ഒപ്പമുള്ള എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് ഏക്‌നാഥ് പറഞ്ഞു. 50 എം.എല്‍.എമാര്‍ കൂടെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങളുടെ മണ്ഡലങ്ങളിലെ പ്രശ്നങ്ങളും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ സമീപിച്ചിരുന്നു. അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് കാര്യങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹത്തെ ബോധിപ്പിച്ചിരുന്നു. ഇതെല്ലാം ആവശ്യപ്പെട്ടുകൊണ്ടാണ് ബിജെപിയുമായി സ്വാഭാവിക സഖ്യം ഞങ്ങള്‍ ആവശ്യപ്പെട്ടത്’ ഷിന്‍ഡേ പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പിന് കാത്ത് നില്‍ക്കാതെ ഉദ്ദവ് രാജി വച്ചതോടെ രണ്ടര വര്‍ഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസര്‍ക്കാറിനാണ് ഇന്നലെ കര്‍ട്ടന്‍ വീണത്. 1980ല്‍ ശിവസേനയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഏകനാഥ് ഷിന്‍ഡേ 2004 മുതല്‍ തുടര്‍ച്ചയായി നാല് തവണ എംഎല്‍എയായി. ഉദ്ദവ് സര്‍ക്കാരിന്റെ നഗര വികസന മന്ത്രി ആയിരുന്ന ഷിന്‍ഡെയുടെ രാഷ്ട്രീയ പ്രയാണം ഉദ്ദവ് സര്‍ക്കാരിനെ വീഴ്ത്തി ഇപ്പോള്‍ മുഖ്യമന്ത്രി പദവിയിലേക്ക് എത്തി നില്‍ക്കുന്നു.

Back to top button
error: