KeralaNEWS

ബ്രൂവറി അഴിമതി: തുടര്‍ നടപടി അവസാനിപ്പിക്കണമെന്ന ഹര്‍ജി തള്ളി; രേഖകള്‍ ചെന്നിത്തലയ്ക്ക് നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: ബ്രൂവറി അഴിമതി കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്‍െ്‌റ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹര്‍ജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നല്‍കാനും കോടതി നിര്‍ദേശിച്ചു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കത്തിനു പിന്നില്‍ അഴിമതിയുണ്ടെന്നാരോപിച്ചാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്. മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം മുന്‍ എക്‌സൈസ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ അനധികൃതമായി തീരുമാനമെടുത്തുവെന്നും ഇത് അഴിമതിയാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം.

ക്രമക്കേട് നടന്നിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നും സാക്ഷിമൊഴികള്‍ രേഖപ്പെടുത്താന്‍ അനുവദിക്കരുതെന്നും സര്‍ക്കാര്‍ എതിര്‍ ഹര്‍ജി നല്‍കിയരുന്നെങ്കിലും ഇതും കോടതി തള്ളി. അഴിമതി ആരോപണങ്ങള്‍ തെളിയിക്കുന്നതിന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ തന്നെ തടസ്സ വാദം ഉന്നയിക്കുന്നത്, നിയമവാഴ്ചയോട് ഉള്ള വെല്ലുവിളിയാണെന്ന് ചെന്നിത്തലയുടെ അഭിഭാഷകന്‍ വാദിച്ചു.

ഇരു ഭാഗത്തിന്റേയും വാദങ്ങള്‍ കേട്ട ശേഷമാണ് വിജിലന്‍സ് കോടതി കേസുമായി മുന്നോട്ട് പോകാന്‍ ഉത്തരവിട്ടത്. രമേശ് ചെന്നിത്തലയുടെ ആവശ്യം കോടതി അംഗീകരിച്ചതോടെ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അദ്ദേഹത്തിന് ലഭിക്കും. ഇത് പരിശോധിച്ചാകും തുടര്‍നടപടി. കേസില്‍ ജൂലായ് 17-ന് വിസ്താരം തുടങ്ങും.

Back to top button
error: