KeralaNEWS

‘എന്നെ സഹായിച്ചവര്‍ പറയുന്നത് ഞാന്‍ അനുസരിക്കും’ എന്ന് സ്വപനയുടെ കുമ്പസാരം, അന്വേഷണ സംഘം സ്വപ്നയെയും സരിത്തിനെയും ഉടന്‍ ചോദ്യം ചെയ്യും

    ജയിലില്‍ കിടക്കുമ്പോള്‍ തന്നെ സഹായിച്ചവര്‍ പറയുന്നത് താന്‍ കേള്‍ക്കുമെന്ന് സ്വപ്ന സുരേഷ്. എച്ച്.ആര്‍.ഡി.എസ് സഹായവുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ഇതു പറഞ്ഞത്. സഹായിക്കുന്നവര്‍ പറയുന്നത് മാത്രമാണ് ആരാണെങ്കിലും കേള്‍ക്കുകയെന്നും സ്വപ്ന പറഞ്ഞു.

എച്ച്.ആര്‍.ഡി.എസ് തനിക്ക് നല്‍കുന്ന വീട്, വാഹനം അടക്കമുള്ള സൗകര്യങ്ങള്‍ സ്ഥാപനത്തിലെ പദവിക്ക് അനുസരിച്ച് ലഭിക്കുന്നതാണെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
“എന്റെ സ്ഥാനത്ത് നിങ്ങളാണ് ജയിലിലെങ്കിലും ആരാണ് സഹായിക്കാന്‍ മുന്നോട്ട് വരുന്നത് അവര്‍ പറയുന്നത് നമ്മള്‍ അനുസരിക്കും. എച്ച്.ആര്‍.ഡി.എസാണോ മറ്റ് സ്ഥാപനങ്ങളാണോ എന്റെ വീട്, എന്റെ വണ്ടി സ്പോണ്‍സര്‍ ചെയ്യുന്നതെങ്കില്‍ അതത് സ്ഥാപനങ്ങളിലെ പദവിക്ക് ലഭിക്കുന്ന സൗകര്യങ്ങളാണ്.”
സ്വപന് വ്യക്തമാക്കി.

ഇതേ സമയം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സ്വപ്നയെയും സരിത്തിനെയും അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യും. സ്വപ്ന പാലക്കാട് എത്തിയ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശം.
സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആര്‍.ഡി.എസിലെ മുന്‍ ഡ്രൈവറെയും ഭാര്യയെയും അന്വേഷണം സംഘം ഇന്നലെ ചോദ്യം ചെയ്തിരുന്നു.

ഈ ഡ്രൈവറുടെ ഭാര്യയായിരുന്നു സ്വപ്ന സുരേഷ് താമസിച്ചിരുന്ന ഫ്ലാറ്റില്‍ സഹായിയായി ഉണ്ടായിരുന്നത്. സ്വപ്ന വെളിപ്പെടുത്തല്‍ നടത്തിയ സമയങ്ങളില്‍ ഇദ്ദേഹമായിരുന്നു ഡ്രൈവര്‍. അന്ന് സ്വപ്ന എവിടെയാക്കെയാണ് പോയതെന്നാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞതെന്നാണ് വിവരം. സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന് ശേഷം ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തു.

പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സ്വർണക്കടത്ത് കേസിനെക്കുറിച്ചുള്ള പ്രതികരണവുമായി ഇന്നും രംഗത്ത് വന്നു:

“ഗുരുതര ആരോപണമാണ് ഇന്നലെ സ്വപ്ന ഉന്നയിച്ചത്. ഇക്കാര്യത്തിൽ ശക്തമായ സമരം തുടരും. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും.  ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയട്ടെ. സിസിടിവി പരിശോധിക്കണമെന്ന് സ്വപ്ന പറയുന്നു. ഉമ്മൻചാണ്ടിയുടെ കാലത്ത് സിസിടിവി പരിശോധിക്കണം എന്ന് പിണറായിയും പറഞ്ഞിരുന്നു. അന്ന് ഇക്കാര്യം ആവശ്യപ്പെട്ട പിണറായി ഇപ്പോൾ സിസിടിവി ദൃശ്യം പുറത്തുവിടാൻ തയ്യാറാകുമോ?
സോളാർ കേസ് വിട്ടതുപോലെ സ്വർണക്കടത്ത് കേസും സിബിഐയ്ക്ക് വിടണം. ഈ കേസ് അണിയറിയിൽ സെറ്റിൽ ചെയ്യുകയാണ്. കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തിയാൽ സെറ്റിൽമെൻറ് നടക്കില്ല…”

Back to top button
error: