NEWS

കാൽവരി മൗണ്ടിലേക്കുള്ള റോഡ് ഗതാഗതം പുനഃസ്ഥാപിച്ചു; കാൽവരി മൗണ്ടിലെ മനം മയക്കുന്ന കാഴ്ചകൾ

ഇടുക്കി: കാൽവരി മൗണ്ട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് റോഡു പണിയെ തുടർന്ന് നിരോധിച്ച വാഹന ഗതാഗതം പുനസ്ഥാപിച്ചു.വാഗമൺ നിന്നും കാൽവരി മൗണ്ടിലേക്ക് 50 കിലോമീറ്റർ മാത്രമാണ് ദൂരം.
വാഗമൺ സ്റ്റേ ചെയ്യുന്നവർക്ക് ഡേ ട്രിപ്പ് പോകാൻ പറ്റിയ റൂട്ട് ആണ് ഇത് ,  രാവിലെ ഇറങ്ങിയാൽ അഞ്ചുരുളി , വള്ളക്കടവ് തൂക്കുപാലം, രാമക്കൽമേട് ലൂസിഫർ പള്ളി എല്ലാം  കണ്ടു വൈകുന്നേരം തിരികെ വരാം.
കാൽവരി മൗണ്ടിലെ കാണാക്കാഴ്ചകൾ
നീണ്ടുനിവർന്നു കിടക്കുന്ന നീല ജലാശയം, ചുറ്റും പച്ചമലനിരകൾ, സൂര്യനുപോലും വഴിമാറാതെ എങ്ങും മഞ്ഞുതുള്ളികൾ. കനത്തുനിൽക്കുന്ന ഇരുട്ടും വഴികളിൽ ഇടയ്ക്കിടെ ഓടിയെത്തുന്ന പ്രകാശവും നനുത്ത തൂമഞ്ഞും ഒക്കെ ചേർന്ന് പ്രകൃതിയെ അതീവ സുന്ദരിയാക്കുന്ന ഒരിടം.
!സൗന്ദര്യത്തിൽ കാൽവരിയോളമെത്താൻ കേരളത്തിലെ വേറൊരു വിനോദ സഞ്ചാരകേന്ദ്രത്തിനുമാകില്ല.നാടെങ്ങും ചുറ്റിത്തിരിഞ്ഞ് ആർത്തുല്ലസിച്ചും കളിച്ചും ചിരിച്ചുമൊഴുകുന്ന പെരിയാറിന്‍റെ നിശ്ചലഭാവമാണ് ഇവിടെ കാണാൻ കഴിയുക. ഇടുക്കിയുടെ കന്യാകുമാരി എന്നും കാൽവരി മൗണ്ട് അറിയപ്പെടുന്നു. കാരണം ഉദയവും അസ്തമയവും ഇവിടെ നിന്നു കാണാൻ കഴിയും. പ്രകൃതിയാണ് ഏറ്റവും നല്ല ചിത്രകാരൻ എന്ന സത്യം തിരിച്ചറിയുന്ന ഇടമാണ് കാൽവരി മൗണ്ട്.
ഒരു ക്യാൻവാസിൽ വരച്ച ചിത്രം പോലെ മനോഹരമായ കാഴ്ചകളുള്ള ഇടമാണ് കാൽവരി മൗണ്ട്.രണ്ടു വശങ്ങളിലുമായി കിടക്കുന്ന മലകളും അതിനു നടുവിൽ ഇടുക്കി ഡാമിന്റെ റിസർവ്വോയറും പിന്നെ കാടുകളും താഴ്വരകളും ഒക്കെയായി പ്രകൃതിയിലെ ഒരു ചിത്രശാല തന്നെയാണ് കാൽവരി മൗണ്ട് എന്ന് നിസ്സംശയം പറയാം.
കുറുവൻ കുറത്തി മലകൾക്കിടയിൽ കെട്ടിനിർത്തിയിരിക്കുന്ന നീല ജലവും ഇടുക്കി ആർച്ച് ഡാമും കാണുവാനായി അയൽ സംസ്ഥാനങ്ങളിൽ നിന്നുപോലും സഞ്ചാരികൾ ഇവിടെ എത്തുന്നു.ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണെന്ന ചോദ്യത്തിന് ഉത്തരങ്ങൾ പലതുണ്ടെങ്കിലും അതിലൊന്ന് കാൽവരി മൗണ്ടായിരിക്കും.
 കട്ടപ്പനയിൽ നിന്നും ചെറുതോണി റൂട്ടിൽ പത്തു കിലോീറ്റർ മാറി സ്ഥിതി ചെയ്യുന്ന കാൽവരി മൗണ്ട് സമുദ്ര നിരപ്പിൽ നിന്നും 2700 അടി ഉയരത്തിലുള്ള ഒരു വ്യൂ പോയിന്‍റാണ്. കയറ്റങ്ങൾ കയറിച്ചെല്ലുന്ന കാൽവരി മൗണ്ട് വ്യൂ പോയിന്റ് സന്ദർശകരെ മറ്റൊരു ലോകത്തിൽ എത്തിക്കും എന്നതിൽ സംശയമില്ല.
കോടമഞ്ഞിൽ തണുത്തുവിറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിൽ പോകാം കാൽവരി മൗണ്ടിലേക്ക് !!

Back to top button
error: