BusinessTRENDING

ഐഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ ജോലിക്ക് ആളെയെടുക്കുന്നു; ഒപ്പം ആകര്‍ഷകമായ ശമ്പളവും ബോണസും

കൂടുതൽ പേരെ ജോലിക്കെടുക്കാനും ബോണസ് നൽകാനുമുള്ള നീക്കവുമായി ഐഫോൺ നിർമാതാക്കളായ ഫോക്‌സ്‌കോൺ. ഈ വർഷത്തെ ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നതിനുള്ള തയ്യാറെടുപ്പുമായി ആപ്പിൾ മുന്നോട്ട് പോകുമ്പോഴാണ് ഇത്തരം നീക്കവും. കമ്പനിയുടെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറി ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റാണ്. പ്ലാന്റിൽ ഇപ്പോൾ കാര്യമായി ആൾക്കാരെ ജോലിക്ക് എടുക്കുന്നുണ്ട്. ആപ്പിൾ ഐ ഫോൺ 14 ലോഞ്ചിന് ഒരുങ്ങുന്ന സാഹചര്യത്തിൽ പുതുതായി എത്തുന്ന തൊഴിലാളികൾക്ക് ബോണസും വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊവിഡ് കേസുകൾ കൂടിയ സാഹചര്യം കണക്കിലെടുത്ത് നിയമനങ്ങൾ നടത്തുന്നത് ഫോക്‌സ്‌കോൺ നിർത്തി വെച്ചിരുന്നു.

9,000 യുവാൻ (ഏകദേശം ഒരു ലക്ഷം രൂപ) വരെ ബോണസ് നൽകുന്ന രീതിയിലാണ് ഫോക്സ്കോൺ പുതിയ അസംബ്ലി ലൈൻ തൊഴിലാളികളെയും ട്രെയിനികളെയും നിയമിക്കാൻ തുടങ്ങിയതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ബോണസ് അർഹത നേടണമെങ്കിൽ തൊഴിലാളികൾ നാല് മാസമെങ്കിലും ജോലി ചെയ്യണം. കൂടുതല്‍ തൊഴിലാളികളെ കമ്പനിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ക്യാഷ് റിവാർഡുകൾ വർധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ലോകത്താകമാനമുള്ള 80 ശതമാനം ഐഫോണുകളും നിര്‍മിക്കുന്നത് ഫോക്‌സ്‌കോൺ പ്ലാന്റാണ്.

ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐ ഫോൺ 14 സീരീസ് അവതരിപ്പിക്കുന്നത്. ഇപ്പോഴത്തെ നിയമനം ആപ്പിൾ ഒരു പുതിയ ലോഞ്ചിന് തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയാണെന്ന് റിപ്പോർട്ടുണ്ട്. പുതിയ ഐഫോണുകൾക്കായി ചില ഓർഡറുകൾ വീണ്ടും അനുവദിക്കുന്നത് ആപ്പിൾ പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

Back to top button
error: