CrimeNEWS

യാത്രക്കാർ സൂക്ഷിക്കുക, ദേശീയ-സംസ്ഥാന പാതകളിൽ വാഹനം തട്ടിക്കൊണ്ടു പോകുകയും പണവും സ്വർണവും കവരുകയും ചെയ്യുന്ന കൊള്ളസംഘങ്ങൾ സജീവം

  പാലക്കാട്: ദേശീയ – സംസ്ഥാന പാതകളിലൂടെയുള്ള രാത്രിയാത്രകള്‍ ഭീതിജനകമായി മാറുന്നു. ഈ പാതകളിൽ കൊള്ളസംഘങ്ങള്‍ എപ്പോൾ വേണമെങ്കിലും യാത്രക്കാർക്കു മുന്നിൽ ചാടി വീഴാം. പണമോ വിലപാടിപ്പുള്ള മറ്റ് വസ്തുക്കളോ വാഹനമോ നഷ്ടപ്പെടാം. എന്തിന് ജീവൻ തന്നെ നഷ്ടപ്പെടാം.

കോയമ്പത്തൂര്‍ – പാലക്കാട്, പാലക്കാട് – തൃശ്ശൂര്‍, പാലക്കാട് – കോഴിക്കോട് ദേശീയപാതകളും, മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും കേന്ദ്രീകരിച്ചാണ് ഈ കൊള്ളസംഘങ്ങള്‍ വിലസുന്നത്. കോയമ്പത്തൂരില്‍ നിന്നും തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ഭാഗത്തേക്കും തൃശ്ശൂര്‍ നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്കുള്ള വാഹന യാത്രക്കാരാണ് ഇവരുടെ ലക്ഷ്യം.

വാളയാര്‍ മുതല്‍ മുണ്ടൂര്‍ വരെയുള്ള മേഖലയാണ് കള്ളക്കടത്തുകാരുടെ കേന്ദ്രമാവുന്നത്. പുലര്‍ച്ചെയും, രാത്രി പത്തുമണിക്ക് ശേഷവുമാണ് വാഹനങ്ങള്‍ തട്ടിയെടുക്കുന്നത് വ്യാപകമാകുന്നു.

കോയമ്പത്തൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ഡിസംബറില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പണം കവര്‍ന്ന കേസില്‍ മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. വേലിക്കാടിനടുത്ത് കാര്‍ തടഞ്ഞു നിര്‍ത്തി തമിഴ്‌നാട് സ്വദേശികളെ കൊള്ളയടിച്ച ഈ കാര്‍ തോലനൂരില്‍ കണ്ടെത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് മുണ്ടൂര്‍ – തൂത സംസ്ഥാന പാതയില്‍ എഴക്കാട് ദമ്പതിമാരെ കൊള്ളയടിച്ചിരുന്നു. കോയമ്പത്തൂരില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കു പോകുന്നവരായിരുന്നു ഇവര്‍.

കല്‍മണ്ഡപം – ശേഖരിപുരം ബൈപ്പാസിലും സമാനസംഭവം നടന്നിരുന്നു. രണ്ട് വര്‍ഷം മുമ്പ് തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലെ ജ്വല്ലറിയിലേക്ക് കൊണ്ടുപോവുകയായിരുന്ന സ്വര്‍ണമടങ്ങിയ വാഹനം ഇത്തരത്തില്‍ കൊള്ളയടിച്ചിട്ടുണ്ട്. കള്ളക്കടത്തുകാരുടെ ഇടനാഴിയാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാത. കുഴല്‍പ്പണം കടത്തുന്നസംഘങ്ങളാണ് പലപ്പോഴും വാഹനം മാറി തട്ടിയെടുക്കുന്നതെങ്കിലും ഉടമകള്‍ക്ക് വാഹനം തിരിച്ചു കിട്ടാന്‍ കാലമേറെയെടുക്കും.

വാളയാര്‍, കസബ, ഹേമാംബിക, കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളുടെ പരിധിയില്‍ പെടുന്നതാണ് കോയമ്പത്തൂര്‍- കോഴിക്കോട് ദേശീയപാതയും മുണ്ടൂര്‍ – തൂത സംസ്ഥാനപാതയും. കുഴല്‍പ്പണക്കടത്തുകാര്‍ പണം നഷ്ടപ്പെടുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ പോലീസിന് നല്‍കാത്തതും അന്വേഷണത്തെ ബാധിക്കുന്നുണ്ട്. വിജനമായ പാതയില്‍ പലപ്പോഴും അക്രമി സംഘങ്ങള്‍ വാഹനം തട്ടിയെടുക്കുമ്പോള്‍ വാഹനത്തിലുള്ളവര്‍ രക്ഷപ്പെടുന്നത് തലനാരിഴക്കാണ്.

Back to top button
error: