NEWS

ഒരു മാസത്തിനിടെ ആലപ്പുഴയില്‍ ബി ജി പിക്ക് ഭരണം നഷ്ടമായത് 4 പഞ്ചായത്തുകളില്‍

ആലപ്പുഴ: ഒരു മാസത്തിനിടെ ആലപ്പുഴയില്‍ ബി ജി പിക്ക് ഭരണം നഷ്ടമായത് 4 പഞ്ചായത്തുകളില്‍. കോടംതുരുത്ത്, ചെന്നിത്തല, തിരുവന്‍വണ്ടൂര്‍, മാന്നാര്‍ പാണ്ടനാട് പഞ്ചായത്തുകളിലെ ഭരണമാണ് ബി ജെ പി കൈവിട്ടത്.

പാണ്ടനാട് പഞ്ചായത്തിലെ പ്രസിഡന്റ് ആശ വി നായര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ജില്ലയിലെ ഏക പഞ്ചായത്തും ബി ജെ പിക്ക് നഷ്ടമായത്.

ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രസിഡന്റിന്റെ രാജി പ്രഖ്യാപനം. പഞ്ചായത്ത് മെമ്ബര്‍ സ്ഥാനവും ആശ വി നായര്‍ രാജിവെച്ചിട്ടുണ്ട്. ബിജെപി പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് രാജി.

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റിനെതിരെ ഈമാസം നാലിന് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായിരുന്നു. ബി ജെ പി അംഗം ടി സി സുരേന്ദ്രന്‍ നായരായിരുന്നു അവിശ്വാസപ്രമേയത്തിലൂടെ പുറത്തായത്. കോണ്‍ഗ്രസ് അംഗങ്ങള്‍ പിന്തുണച്ചതോടെയായിരുന്ന് അന്ന് അവിശ്വാസപ്രമേയം പാസായത്.

പാണ്ടനാട് പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് ആറും സി പി എമ്മിന് അഞ്ചും കോണ്‍ഗ്രസിന് രണ്ടും അംഗങ്ങളാണുള്ളത്. നേരത്തെ വൈസ് പ്രസിഡന്റിന് എതിരായ അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ പ്രമേയത്തെ അനുകൂലിച്ച്‌ ഏഴ് പേര്‍ വോട്ട് ചെയ്തപ്പോള്‍, ബിജെപി അംഗങ്ങള്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നിരുന്നു. ആശയുടെ രാജിയോടെ പഞ്ചായത്തില്‍ സി പി എമ്മിനും ബി ജെ പിക്കും അഞ്ച് വീതം അംഗങ്ങളാണ് ഉള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വന്നാല്‍ കോണ്‍ഗ്രസ് എല്‍ ഡി എഫിനെ പിന്തുണച്ചില്ലെങ്കില്‍ നറുക്കെടുപ്പ് നടത്തേണ്ടി വരും.

ബി ജെ പി ഭരിച്ചിരുന്ന ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് ഭരണം എല്‍ ഡി എഫ് അവിശ്വാസ പ്രമേയത്തിലൂടെ അട്ടിമറിച്ചിരുന്നു. എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ പ്രസിഡന്‍റ് ബിന്ദു പ്രദീപ് പുറത്താവുകയായിരുന്നു. ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

കോടംതുരുത്താണ് ബി ജെ പിക്ക് നഷ്ടമായ മറ്റൊരു പഞ്ചായത്. ഇവിടെ എല്‍ ഡി എഫ് പിന്തുണയോടെ യു ഡി എഫ് ആണ് ഭരണം പിടിക്കുകയായിരുന്നു. ബി ജെ പി അംഗം ബിനീഷ് ഇല്ലിക്കലിനെയാണ് പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വി ജി ജയകുമാര്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ ഭരണസമിതിയില്‍ ബി ജെ പിക്ക് ഏഴ്, കോണ്‍ഗ്രസിന് അഞ്ച്, സി പി എമ്മിന് രണ്ട്, സി പി ഐക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷി നില. സി പി എമ്മിനും ബി ജെ പിക്കും കോണ്‍ഗ്രസിനും ഇവിടെ ആറ് വീതം അംഗങ്ങളാണ് ഉള്ളത്. കെടുകാര്യസ്ഥതയും അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചായിരുന്നു ബി ജെ പി പ്രസിഡന്റിനെതിരായ യുഡിഎഫ് അവിശ്വാസ പ്രമേയം.

 

 

 

തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ സി പി എം, കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. വൈസ് പ്രസിഡന്റായി കോണ്‍ഗ്രസ് പിന്തുണയോടെ സി പി എമ്മിലെ ബീന ബിജുവും തെരഞ്ഞെടുക്കപ്പെട്ടു. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയില്‍ ബിജെപി – 5, സിപിഎം – 4, കോണ്‍ഗ്രസ് – 3, സ്വതന്ത്രന്‍ – 1 എന്നിങ്ങനെയാണ് കക്ഷി നില.

Back to top button
error: