ജന്മദിനത്തിൽ ട്വിറ്ററിൽ 100 മില്യൺ ഫോളോവേഴ്സുമായി എലോൺ മസ്ക്

ട്വിറ്ററിൽ 100 മില്യൺ ഫോളോവേഴ്സിനെ തികച്ച് ടെസ്‍ല സ്ഥാപകൻ എലോൺ മസ്ക്. @Elon100m എന്ന പേരിൽ ട്വീറ്റർ അക്കൗണ്ടും ക്രീയേറ്റ് ചെയ്തിട്ടുണ്ട്.‍ മസ്ക് ആരാധകർ ആഘോഷമാക്കിയിരിക്കുകയാണിത്. ആറു ദിവസം മുൻപാണ് മസ്ക് അവസാന പോസ്റ്റിട്ടിരിക്കുന്നത്. മസ്കിന്റെ ജന്മദിനമാണ് ഇന്ന്. 51 വയസാണ് പൂർത്തിയായിരിക്കുന്നത്.1971 ജൂൺ 28 നാണ് മസ്‌ക് ജനിച്ചത്.

മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിൽ ജന്മദിനാശംസകൾ നേർന്നു നിരവധി പേരാണ് എത്തിയിരിക്കുന്നത്. ‘ജന്മദിനാശംസകൾ @elonmusk. നിങ്ങളാണ് എന്റെ സൂപ്പർഹീറോ. ചൊവ്വ ദൗത്യത്തിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’, ‘51 വർഷം മുൻപ് ഈ ദിവസം, ഭാവിയെ മാറ്റാൻ കഴിവുള്ള മനുഷ്യൻ ജനിച്ചു‘ എന്നിങ്ങനെയാണ് ട്വീറ്റുകൾ.

ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം ഏകദേശം 20300 കോടി ഡോളർ ആസ്തിയുള്ള ലോകത്തിലെ ധനികനാണ് എലോൺ മസ്‌ക്. ടെസ്‌ല, സ്‌പേസ്എക്‌സ് കമ്പനികളുടെ മേധാവിയും, ടെക്‌നോളജി ലോകത്തെ ഭീമൻമാരിലൊരാളുമാണ് മസ്ക് ഇന്ന്. സ്‌പേസ് എക്‌സ്, ന്യൂറലിങ്ക്, ദി ബോറിങ് കോ , ട്വിറ്റർ എന്നിവ സംബന്ധിച്ച വാർത്തകളുമായി ബന്ധപ്പെട്ട് സജീവമാണ് മസ്ക്. രാഷ്ട്രീയം, പോപ്പ് സംസ്കാരം, ലോക സംഭവങ്ങൾ എന്നിവയെക്കുറിച്ചെല്ലാം തന്റെതായ അഭിപ്രായം സമൂഹമാധ്യമങ്ങളിലൂടെ പങ്കിടാറുമുണ്ട്.

2002ലാണ് മസ്ക് സ്പേസ് എക്സ് സ്ഥാപിക്കുന്നത്. സിഇഒയും ചീഫ് എഞ്ചിനിയറുമായി പ്രവർത്തിച്ച അദ്ദേഹം 2004ലാണ് ഇലക്ട്രിക് വാഹന നിർമാതാക്കളായ അന്നത്തെ ടെസ്‌ല മോട്ടോഴ്‌സ് ഇൻ‌കോർപ്പറേറ്റിൽ നിക്ഷേപകനാകുന്നത്. കാലങ്ങൾ കഴിയെ അതിന്റെ സിഇഒ സ്ഥാനത്തെത്തി. 2008 ലാണ് ആ സ്ഥാനത്തേക്ക് മസ്ക് എത്തുന്നത്. 2006 ൽ മസ്കിന്റെ സഹായത്തോടെ സൃഷ്ടിക്കപ്പെട്ട സോളാർസിറ്റി കമ്പനിയാണ് പിന്നിട് ടെസ്‌ല എനർജിയായി മാറിയത്.2015-ൽ ഗവേഷണ കമ്പനിയായ ഓപ്പൺഎഐയുടെ സഹസ്ഥാപകനായ മസ്ക് 2016-ൽ ടെക്നോളജി കമ്പനിയായ ന്യൂറലിങ്ക്, ടണൽ നിർമാണ കമ്പനിയായ ദി ബോറിങ് എന്നിവയുടെ സഹസ്ഥാപകനായി.

ഇതിനിടെ 4400 കോടി ഡോളറിന്റെ വൻ ഇടപാട് ട്വിറ്റർ വാങ്ങാൻ നടത്തിയെങ്കിലും പിന്നിട് ട്വിറ്റർ ഏറ്റെടുക്കില്ല എന്ന വാദവുമായി രം​ഗത്തെത്തി. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. കൂടാതെ ടെസ്‌ലയുടെ എഐ ഡേയായ സെപ്റ്റംബർ 30 ന് ഒപ്ടിമസ് എന്ന് പേരുള്ള റോബോട്ടിന്റെ പ്രാഥമിക രൂപം പ്രദർശിപ്പിക്കുമെന്ന് മസ്ക് അറിയിച്ചിരുന്നു. ഹ്യൂമനോയിഡ് റോബോട്ടുകൾ എന്നറിയപ്പെടുന്ന ഇത്തരം റോബോട്ടുകളെ നിർമിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ടെസ്‍ല.

കഴിഞ്ഞ വർഷമാണ് ഒപ്ടിമസിനെ എലോൺ മസ്ക് ആദ്യമായി പരിചയപ്പെടുത്തിയത്. ടെസ്‌ല കാറുകളിലുള്ള ഓട്ടോപൈലറ്റ് സംവിധാനം ഈ റോബോട്ടിൽ പ്രയോജനപ്പെടുത്തുമെന്നാണ് പറയപ്പെടുന്നത്. വായുവിൽ സ്ഥിതിചെയ്യുന്ന സ്‌പേസ്‌പോർട്ടുകൾ നിർമിക്കാൻ മസ്‌കിന്റെ കമ്പനി ഉദ്ദേശിച്ചതും മസ്കിന്റെ ചൊവ്വാ യാത്രയും വാർത്തകളിൽ അടുത്തയിടെ ഇടം പിടിച്ചിരുന്നു. ഡെയ്‌മോസ് എന്നും ഫോബോസ് എന്നുമാണ് സ്‌പേസ്‌പോർട്ടുകളുടെ പേര്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version