NEWS

രക്തമൊലിക്കുന്ന ശിവലിംഗം,പുറംതിരിഞ്ഞിരിക്കുന്ന നന്തി;വിചിത്രമാണ് ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ!!

ക്ഷേത്രങ്ങള്‍ വിശ്വാസികൾക്കു മുന്നിലൊരുക്കുന്ന അത്ഭുതങ്ങൾ ഒരുപാടുള്ള നാടാണ് നമ്മുടേത്.ചില പ്രത്യേക ദിവസങ്ങളിൽ സ്വർണ്ണ നിറമാകുന്ന വിഗ്രഹങ്ങളും രാത്രി കാലങ്ങളിൽ പരസ്പരം സംസാരിക്കുന്ന പ്രതിഷ്ഠകളും ഓരോ 24 മിനിട്ട് കൂടുമ്പോളും മേൽക്കൂരയിൽ നിന്നും തനിയെ ജലം വീണ് ശിവലിംഗത്തിന് ജലാഭിഷേകം നടത്തുന്ന ക്ഷേത്രങ്ങളുമൊക്കെ നമ്മുടെ നാട്ടിൽ മാത്രം കാണുവാൻ കഴിയുന്ന പ്രത്യേകതകളാണ്. അക്കൂട്ടത്തിൽ ഉൾപ്പെടുത്തുവാൻ പറ്റിയ മറ്റൊരു ക്ഷേത്രമാണ് ചെന്നൈയിലെ മാസിലാമണീശ്വര ക്ഷേത്രം.
തമിഴ്നാട്ടിൽ ചെന്നൈയ്ക്ക് സമീപം അവഡി റോഡിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് മാസിലാമണീശ്വര ക്ഷേത്രം.ഏതൊരു അവിശ്വാസിയെയും വിശ്വാസിയാക്കുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്.
 മുല്ലവള്ളികൾ പടന്നു നിൽക്കുന്ന ഒരിടത്താണ് ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.അതിനു കാരണം ഇതാണ്:
നൂറ്റാണ്ടുകൾക്കു മുൻപ് ഇവിടം കുറുംബാർ വിഭാഗത്തിൽപെട്ട വാനന്‍ എന്നും ഓനൻ എന്നും പേരായ രണ്ട് ഗോത്രവിഭാഗക്കാർ ഇവിടെ താമസിച്ചിരുന്നുവത്രെ. അക്രമത്തിലും മറ്റും കാര്യങ്ങളിലും ഒക്കെ മറ്റുള്ളവർക്ക് ശല്യമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇവിടുത്തെ രാജാവായിരുന്ന തൊണ്ടിമാൻ ഇവരുടെ ഭരണം അവസാനിപ്പിക്കുവാൻ തീരുമാനിച്ചു. അങ്ങനെ രാജാവ് ഭടൻമാരെും ആനകളും സൈന്യവുമായി ഇവിടെ യുദ്ധത്തിനു പുറപ്പെട്ടു. വരുന്ന വഴി മുല്ലവള്ളികൾ പടർന്നു പന്തലിച്ചു കിടക്കുന്നിടത്തുകൂടിയായിരുന്നു വരേണ്ടിരുന്നത്. അവിടെ എത്തിയപ്പോൾ ആനകൾക്ക് ഇതിൽ ചവിട്ടി നടക്കുവാൻ ബുദ്ധിമുട്ടാവുകയും അവ വിരളുകയും ചെയ്തു. ഭടൻമാർക്കും ഇതുതന്നെയായിരുന്നു അവസ്ഥ. മുല്ലവള്ളിയിൽ കുടുങ്ങിയ ആനകളെ രക്ഷിക്കാനായി ഭടന്മാർ അതു മുഴുവൻ തങ്ങളുടെ വാളുപയോഗിച്ച് വെട്ടിക്കളയുവാൻ തുടങ്ങി.
രാജാവിന്‍റെ നിർദ്ദേശം അനുസരിച്ച് ചെടിവെട്ടിക്കളയുവാൻ തുടങ്ങിയ ഭടൻമാർ അത്ഭുതകരമായ ഒരു കാഴ്ചയാണ് കണ്ടത്. ചെടികൾക്കിടയിൽ നിന്നും രക്തമൊലിക്കുന്നതായിരുന്നു അത്. അങ്ങനെ അവിടെ തിരച്ചിൽ നടത്തിയ അവർ രക്തമൊലിക്കുന്ന ഒരു ശിവലിംഗം അവിടെ നിന്നും കണ്ടെടുത്തു. താൻ തെറ്റ് ചെയ്തു എന്നു മനസ്സിലാക്കിയ രാജാവ് സിവനോട് പ്രാർഥിക്കുകയും ശിവൻ അവിടെ പ്രത്യേക്ഷപ്പെടുകയും ചെയ്തു. രാജാവിന്‍റെ തെറ്റ് ക്ഷമിച്ച ശിവൻ അവിടെ ആ സ്ഥാനത്ത് തനിയ്ക്കായി ഒരു ക്ഷേത്രം നിർമ്മിക്കണമെന്നും അവിടെ താൻ മാസിലാമണീശ്വരനായി വാഴും എന്ന് രാജാവിന് ഉറപ്പു നല്കുകയും ചെയ്തു. അങ്ങനെയാണ് ഈ ക്ഷേത്രം ഇവിടെ സ്ഥാപിക്കപ്പെട്ടത് എന്നാണ് വിശ്വാസം.
ശിവൻ തന്റെ വാഹനമായ നന്തിയോട് രാജാവിന്റെ ശത്രുക്കൾക്കെതിരെ എപ്പോൾ വേണമെങ്കിലും യുദ്ധം ചെയ്യുവാൻ തയ്യാറായിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ശിവന്റെ നിർദ്ദേശമനുസരിച്ച് യുദ്ധത്തിനു പുറപ്പെടാനായി പുറത്തേയ്ക്ക് നോക്കി നിൽക്കുന്ന നന്ദിയുടെ പ്രതിമയാണ് ഇവിടെയുള്ളത്.
ഇവിടുത്തെ ദേവി കൊടിയിടൈ നായകി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഒരു മുല്ലവള്ളിയുടെയയത്രയും ശേഷിച്ച ശരീരമാണ് അവർക്കുള്ളത് എന്നാണ് വിശ്വാസം. എല്ലാ തെറ്റുകളിൽ നിന്നും മോചനം ലഭിക്കുവാനും വിവാഹം നടക്കാത്ത പെൺകുട്ടികളുടെ വിവാഹം നടക്കുവാനും ഒക്കെ ഇവിടെവന്ന് കൊടിയിടൈ നായകിയോട് പ്രാർഥിച്ചാൽ മതി എന്നാണ് വിശ്വാസം.മാത്രമല്ല, ഈ ക്ഷേത്രത്തിന്റെ ചരിത്രം കേട്ടാൽ തന്നെ പുണ്യം എന്നു വിശ്വസിക്കുന്നവരുമുണ്ട്.
ഇവിടുത്തെ ക്ഷേത്രത്തിനു ധാരാളം പ്രത്യേകതകൾ കാണുവാൻ സാധിക്കും. ഇവിടുത്തെ ശിവലിംഗത്തിന്‍റെ തലഭാഗത്തായി ഒരു വലിയ മുറിവുണ്ടത്രെ. അന്ന രാജാവിന്റെ പടയാളികൾ മുല്ലപ്പടർപ്പ് വെട്ടുന്നതിനിയിൽ സംഭവിച്ചതാണിതെന്നാണ് വിശ്വാസം. ഈ മുറിവ് ഉണങ്ങുന്നതിനായി ഇതിൽ എന്നും ചന്ദനം ലേപനം ചെയ്യാറുമുണ്ട്.
എന്നും ചന്ദനം ലേപനം ചെയ്യുമെങ്കിലും വർഷത്തിൽ രണ്ടു ദിവസം മാത്രം ഇതില്ലാതെ ശിവനെ കാണുവാൻ സാധിക്കും. ചിത്തിര (ഏപ്രിൽ-മേയ്) മാസങ്ങളിലെ രണ്ട് ദിവസങ്ങളിലാണിത്. ഈ സമയത്ത് ഇവിടെ എത്തി പ്രാർഥിച്ചാൽ ശിവനെ എങ്ങനെയാണോ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് ആ യഥാർഥ രൂപം കാണാം. മാത്രമല്ല ആ ദിവസങ്ങളിൽ ഇവിടെ എത്തി പ്രാർഥിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവുകയും ചെയ്യുമത്രെ.
വർഷത്തിൽ പ്രധാനമായും രണ്ട് ആഘോഷങ്ങളാണ് ഇവിടെ നടക്കുന്നത്. ചിത്തിര മാസത്തിലെ ചതയ നക്ഷത്രത്തിൽ സന്താനകാപ്പ് എന്ന പേരിലാണ് പ്രധാന ആഘോഷം നടക്കുക. മാത്രമല്ല, ചിത്തിര മാസത്തിലെ ചിത്രപൗർണ്ണമി നാളിൽ ഇവിടെ എത്തിയാൽ കൊടിയിടൈ നായകിയുടെ എല്ലാ വിധ അനുഗ്രഹങ്ങളും ജീവിതകാലം മുഴുവൻ ഉണ്ടാവുകയും ചെയ്യുമെന്നാണ് വിശ്വാസം.
അക്കാലത്തെ നിർമ്മിതികളിൽ നിന്നും വ്യത്യസ്തമായി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂര പ്രത്യേക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. തൂങ്കാനൈ മാടം എന്നാണ് ഇത് അറിയപ്പെടുന്നത്.ഉറങ്ങുന്ന ഒരു ആനയുടെ പുറകു ഭാഗം പോലെ തോന്നിക്കുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് ഇങ്ങനെ അറിയപ്പെടുന്നത്.
ഈ ക്ഷേത്രത്തെ സംബന്ധിച്ച് വേറെയും ധാരാളം വിശ്വാസങ്ങളുണ്ട്. ഇവിടെ എത്തി പ്രാർത്ഥിച്ചാൽ കോടീശ്വനാവും എന്നാണ് അതിലൊന്ന്. അതുകൊണ്ടുതന്നെ ബിസിനസ്സുകാർക്കും മറ്റും പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണിത്.
തമിഴ്നാട്ടിൽ ചെന്നൈയിൽ ചെന്നൈ-അവാഡി റോഡിൽ തിരുമുല്ലൈവോയൽ എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചെന്നൈയിൽ നിന്നും ഇവിടേക്ക് 23.6 കിലോമീറ്റർ ദൂരമാണുള്ളത്. ബസ് സർവ്വീസുകൾ ലഭ്യമാണ്.

Back to top button
error: