CrimeNEWS

അശ്ലീല വീഡിയോ: ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വനിതാ മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം നോര്‍ത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഓഫീസില്‍വെച്ച് മോശമായി പെരുമാറിയെന്നും തെറ്റായ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതിയില്‍ പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

ക്രൈം വാരികയുടെ ഉടമസ്ഥനായ നന്ദകുമാറിന്റെ, ക്രൈം ഓണ്‍ലൈന്‍ എന്ന സ്ഥാപനത്തിലെ മുന്‍ ജീവനക്കാരിയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ കലൂര്‍ ഫ്രീഡം റോഡിലെ ഓഫീസില്‍ വെച്ചാണ് സംഭവം. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിര്‍മ്മിക്കണമെന്ന് യുവതിയോട് ക്രൈം നന്ദകുമാര്‍ ആവശ്യപ്പെട്ടു.

നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് അക്രോശവുമായി,അശ്ലീല ചുവയോടെ സംസാരം തുടര്‍ന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു.കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗണ്‍ പൊലീസില്‍ പൊലീസില്‍ പരാതി നല്‍കി.

പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ ക്രൈം നന്ദകുമാര്‍ പരാതി നല്‍കിയതിന് പിന്നാലെ ആണ് അറസ്റ്റ് ഉണ്ടായത്. സ്ത്രീത്വത്തെ അപമാനിച്ചതിലും,പട്ടികവര്‍ഗ അതിക്രമം തടയല്‍ തുടങ്ങി ജാമ്യമില്ല വകുപ്പുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഡാലോചനയില്‍ ക്രൈം നന്ദകുമാറിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാര്‍ രംഗത്ത് വന്നിരുന്നു.

Back to top button
error: