NEWS

ജോലി – ഇസ്തിരി ഇടൽ;41ാം വയസ്സില്‍ അമ്പിളി നടന്നു കയറിയത് ഡോക്ടറേറ്റിലേക്ക്

ഇരിങ്ങാലക്കുട: ഇസ്തിരി ഇടല്‍ ജോലി ചെയ്ത് ഡോക്ടറേറ്റ് സ്വന്തമാക്കിയ സന്തോഷത്തിലാണ് 41 വയസ്സുകാരി അമ്പിളി. കാരുകുളങ്ങര സ്വദേശി മാളിയേക്കല്‍പറമ്പില്‍ വീട്ടില്‍ അമ്പിളിയാണ് ജീവിത ദുരിതങ്ങള്‍ക്കിടയിലും ഡോക്ടറേറ്റ് നേടിയെടുത്തത്.
19-ാം വയസില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ അച്ഛനെ നഷ്ടപ്പെട്ടു. അമ്പിളിയും അമ്മയും തനിച്ചായി. അകാലത്തില്‍ അച്ഛനെ നഷ്ടപ്പെട്ടപ്പോള്‍ അച്ഛന്റെ തൊഴിലുമായി ജീവിതം മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
വെല്ലുവിളി നിറഞ്ഞ വിവാഹ ജീവിതത്തിലും ദുരന്തങ്ങള്‍ വേട്ടയാടിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം കുറഞ്ഞതിന്റെ പേരില്‍, സ്ത്രീധനം നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ നിരന്തരം പീഢനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു. അവസാനം ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ടപ്പോള്‍ അവള്‍ ആ വീട് വിട്ടിറങ്ങി.
പക്ഷേ അവള്‍ തളര്‍ന്നില്ല.ഇസ്തിരിക്കടയിലെ ജോലികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ അവള്‍ പഠിച്ചു. തനിക്ക് വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി കത്തിച്ചു കളഞ്ഞപ്പോള്‍ അവൾക്ക് അവളോട് തന്നെ കൂടുതല്‍  ബഹുമാനമായി.
2008ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജില്‍ അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തില്‍ അധ്യാപികയായും ജോലി ലഭിച്ചു.
ക്രൈസ്റ്റ് കോളേജില്‍ മലയാളം വിഭാഗം മേധവിയായിരുന്ന ഡോ. സെബാസ്റ്റിയന്‍ ജോസഫ്, മലയാളം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിവി സുധീര്‍ എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ 2016ല്‍ ചെറുകഥയില്‍ അമ്പിളി ഗവേഷണ വിദ്യാര്‍ഥിയായി.
 കേരള വര്‍മ കോളേജിലെ മലയാളം വിഭാഗം മേധാവി ഡോ. എംആര്‍ രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്.ഇതിനിടയിലും ഇസ്തിരിയിടുന്ന ജോലി അമ്പിളി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

Back to top button
error: