NEWS

ഗാന്ധിജിയുടെ ഫോട്ടോ പോലും എറിഞ്ഞുടയ്ക്കാൻ മടിക്കാത്ത കോൺഗ്രസ്

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട്  അന്ന് പ്രസിഡന്റായിരുന്ന കെ ആര്‍ നാരായണന്‍ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു.കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഗൂഢാലോചന കലാപത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നാണ് 2005ല്‍ ഏപ്രില്‍ 8ന് എഴുതിയ കത്തില്‍ നാനാവതി ഷാ കമ്മീഷനോട്  അദ്ദേഹം വ്യക്തമാക്കിയത്.
 അക്കാലത്തെ പത്രങ്ങൾ അത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ അദ്ദേഹം കലാപകാലത്ത്  വാജ്‌പേയ് അവലംബിച്ച  നിഷ്‌ക്രിയതയെക്കുറിച്ചാണ് പറയുന്നത്. (തരൂരിനെപോലുള്ള കോണ്‍ഗ്രസുകാരുടെ ആരാധ്യനായ വാജ്‌പേയ്!) നിരവധി തവണ വാജ്‌പേയിയോട് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു, നേരിട്ട് കണ്ടു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴത്തെ നീതിപീഠത്തിന്റെ ലോജിക്ക് വെച്ച്  നേരത്തെ മരിച്ചില്ലായിരുന്നുവെങ്കില്‍ കെ ആര്‍ നാരയണനെതിരെയും എന്തെങ്കിലും കേസ് എടുക്കാന്‍ വകുപ്പുണ്ടാക്കി കൊടുക്കുമായിരുന്നു.
വാജ്‌പേയ് പോയി 10 വര്‍ഷം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാരുണ്ടായി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് എന്തെങ്കിലും കാര്യമായി ചെയ്തോ? ഇല്ല.
ടീസ്റ്റ് സെതല്‍വാദിനെ അറസ്റ്റ് ചെയ്തപ്പോള്‍ അതൊന്നും നമ്മുടെ വിഷയമല്ലെന്ന മട്ടില്‍ മാറിനില്‍ക്കുന്നത് ഇതിന്റെ തുടര്‍ച്ചയാണ്. പുതുതായി കോണ്‍ഗ്രസിന് എന്തെങ്കിലും മാറ്റം ഉണ്ടായതുകൊണ്ടല്ല. ഹിന്ദുത്വം ഇന്ത്യയുടെ രാഷ്ട്രീയ സംവിധാനത്തിന്റെ ഭാഗമാണെന്ന് അംഗീകരിച്ചവരാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും.  മതേതരത്വമൂല്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബാധ്യതയാവുമെന്ന് കരുതുന്നവരാണ് അതിന്റെ ദേശീയ നേതാക്കള്‍.
ആര്‍ ബി ശ്രീകുമാറിനെയും ടീസ്റ്റയെയും അറസ്റ്റ് ചെയ്തപ്പോള്‍ പുറത്തിറക്കിയ വഷളന്‍ പ്രസ്താവന, കോണ്‍ഗ്രസിന്റെ പുതിയ രാഷ്ട്രീയ സമീപനമല്ല. 80കള്‍ മുതല്‍ ശക്തമായി തുടരുന്ന ഒരു പ്രക്രിയയാണ്.
ഗാന്ധിജിയെ കൊന്നവരോടൊപ്പം ചേർന്ന് മരിച്ച ഗാന്ധിജിയെ വീണ്ടും കൊല്ലാൻ തക്ക മുന്നേറ്റം ഇക്കാലയളവിൽ കോൺഗ്രസ് നേടിക്കഴിഞ്ഞു.അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസിലെ ചുവരിൽ നിന്നും മഹാത്മാഗാന്ധിയുടെ ഫോട്ടോ വലിച്ചെറിയപ്പെട്ട സംഭവം.രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി എന്തൊക്കെ ചെയ്താലും ഒരിക്കലും ഒരു കോൺഗ്രസ്കാരൻ ചെയ്യരുതാത്ത സംഭവം.

Back to top button
error: