IndiaNEWS

കോൺഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി വിജയൻ നിര്‍ത്തണം: കെ.സി. വേണുഗോപാൽ

ദില്ലി: കോൺഗ്രസ് നേതാക്കളെക്കുറിച്ച് പച്ചക്കള്ളം പറയുന്നത് പിണറായി വിജയൻ നിർത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് ഉത്തരവാദി നരേന്ദ്ര മോദിയാണെന്ന് വിമർശിക്കുകയും മോദിയെ മരണത്തിന്റെ വ്യാപാരിയെന്നു വിളിച്ചുവെന്ന പേരിലും ആർഎസ്എസും സംഘപരിവാർ ശക്തികളും സോണിയ ഗാന്ധിയെ വർഷങ്ങളോളം വേട്ടയാടിയ ചരിത്രം പിണറായി മറക്കരുത്. മുഖ്യമന്ത്രി സ്ഥാനമേറ്റ ശേഷം നരേന്ദ്ര മോദി എന്ന വാക്ക് ഉച്ചരിക്കാൻ പോലും ഭയക്കുന്ന ഭീരുത്വമുള്ള ഒരാൾ സോണിയ ഗാന്ധിയെ വിമർശിക്കുന്നത് പരിഹാസ്യമാണ്.

സാക്കിയ ജഫ്രിയുടെ നിയമ പോരാട്ടങ്ങൾക്ക് മാത്രമല്ല, അവർക്ക് എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിട്ടുണ്ട്. 2002ൽ സോണിയ ഗാന്ധി തന്റെ മാതാവിനെ സന്ദർശിച്ചിട്ടുണ്ടെന്ന് വർഷങ്ങൾക്ക് മുൻപ് സാക്ഷ്യപ്പെടുത്തിയത് സാക്കിയ ജാഫ്രിയുടെ മകൻ തൻവീർ ജഫ്രിയാണെന്നും കെ സി പറഞ്ഞു.

നിർഭയമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ഫാസിസ്റ്റ് നയങ്ങൾക്കും ആ നയങ്ങൾ ഇന്ത്യക്കാർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന നരേന്ദ്ര മോദിക്കുമെതിരെയുമുള്ള രാഹുൽ ഗാന്ധിയുടെ നിലയ്ക്കാത്ത പോരാട്ടം ലോകമെമ്പാടുമുള്ളവർക്കറിയാം.

ബിജെപിയുടെ വർഗ്ഗീയ നിലപാടുകളോട് സന്ധി ചെയ്യാതെ ഓരോ നിമിഷവും പോരാടുന്ന രാഹുൽ ഗാന്ധിയുടെ മതേതര നിലപാടിനെ വിമർശിക്കാൻ പിണറായിക്ക് എന്തവകാശമാണുള്ളത്. സ്വർണ്ണ, കറൻസി കള്ളക്കടത്ത് കേസുകളിൽ നിന്നും രക്ഷപെടാൻ ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടാക്കിയ മുഖ്യമന്ത്രിയാണ് സംഘപരിവാർ ശക്തികൾക്കു മുൻപിൽ മുട്ടിലിഴയുന്നത്. വാളയാറിനപ്പുറത്തും ഇപ്പുറത്തും കോൺഗ്രസ് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പ്രതികാര നടപടികളെ എപ്പോഴും തുറന്നെതിർക്കുകയാണെന്നും അല്ലാതെ മുഖ്യമന്ത്രിയെപ്പോലെ അന്വേഷണം ഭയന്ന് സന്ധി ചെയ്യുകയല്ലെന്നും വേണുഗോപാൽ പറഞ്ഞു.

വാളയാറിനപ്പുറത്തെ സിപിഎമ്മിനെ പറ്റി അധികം പറയാതിരിക്കുന്നതാണ് പിണറായിക്ക് നല്ലതെന്നും വേണുഗോപാൽ പറഞ്ഞു. അതേസമയം, സാമൂഹിക പ്രവർത്തക ടീസ്ത സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്ത സംഭവത്തിലെ കോൺഗ്രസിന്റെ പ്രതികരണത്തിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രം​ഗത്ത് വന്നത്. കോൺഗ്രസ് യാതൊരുവിധ പ്രതിഷേധവും നടത്തിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അപലപിക്കാൻ പോലും കോൺഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല.

സംഘപരിവാർ വിരുദ്ധരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമായാണ് അറസ്റ്റിനെ കാണേണ്ടത്. എതിരെ ശബ്ദമുയർത്തിയാൽ ഇതൊക്കെയാകും ഫലം എന്ന ഭീഷണിയാണ് അവർ ഉയർത്തുന്നത്. എന്നാൽ ഈ ഭീഷണിക്ക് മുന്നിൽ മുട്ട് വിറച്ച് കോൺഗ്രസ് മൗനം പാലിക്കുകയാണ്. ബിജെപിയെ ഭയന്ന് കോൺഗ്രസ് മുട്ടിലിയഴുന്ന കാഴ്ച ഗൗരവമായി കാണണമെന്നും പിണറായി വിജയൻ പറഞ്ഞു. ഇടതുപക്ഷത്തെ വിമർശിക്കാൻ വരുമ്പോൾ കോൺഗ്രസുകാർ ഇത് കൂടി മനസ്സിൽ വെക്കണം. ലീഗിനെപ്പോലെ കോൺഗ്രസിനൊപ്പം നിൽക്കുന്നവർ ശ്രദ്ധിച്ചാൽ കൊള്ളാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Back to top button
error: