KeralaNEWS

സി.പി. മാത്യുവിന്റേത് കൊലവിളി പ്രസംഗമെന്ന് എസ്എഫ്‌ഐ, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

തിരുവനന്തപുരം: എഞ്ചിനിയറിം​ഗ് വിദ്യാർത്ഥി ധീരജിന്റെ കൊലപാതകത്തിലെ കോൺഗ്രസ് ഗൂഢാലോചന വെളിവാക്കുന്നതാണ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ കൊലവിളി പ്രസംഗമെന്ന് എസ്എഫ്ഐ. സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. ഇടുക്കി മുരിക്കാശേരിയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഡിസിസി പ്രസിഡൻ്റ് സി പി മാത്യു നടത്തിയ കൊലവിളി പ്രസംഗത്തിലൂടെ കോൺഗ്രസിൻ്റെ യഥാർത്ഥ മുഖം പുറത്തായി.

ധീരജ് പഠിച്ചിരുന്ന ഇടുക്കി എഞ്ചിനിയറിം​ഗ് കോളേജ് സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയിലെ ഡിസിസി പ്രസിഡൻ്റ് തന്നെ ‘എസ്.എഫ്.ഐ പ്രവർത്തകർക്ക് ധീരജിൻ്റെ അനുഭവം ഉണ്ടാകും’ എന്ന് പറഞ്ഞതിലൂടെ ധീരജിൻ്റെ കൊലപാതകത്തിൻ്റെ ഭാഗമായി നടന്ന ഉന്നതതല ഗൂഢാലോചന പുറത്തു വരികയാണ്. കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ധീരജിൻ്റെ രക്തസാക്ഷിത്വത്തെ ‘ ഇരന്നു വാങ്ങിയത് ‘ എന്ന് പറഞ്ഞതിനെയും ഇതിൻ്റെ കൂടെ കൂട്ടിവായിക്കണം. വയനാട്ടിലെ സമരവുമായി ബന്ധപ്പെട്ട് എസ്എഫ്ഐയെ ആകെ അക്രമികളായി ചിത്രീകരിക്കാൻ ശ്രമിക്കുന്ന കെഎസ്‍യുക്കാരും കോൺഗ്രസുകാരുമാണ് യഥാർത്ഥ അക്രമകാരികൾ എന്ന് ഇതിലൂടെ പൊതുസമൂഹത്തിന് ബോധ്യപ്പെട്ടു.

ധീരജ് വധവുമായി ബന്ധപ്പെട്ട് പ്രതികളായ ഒരു പ്രവർത്തകന് എതിരെ പോലും നടപടിയെടുക്കാതെ കൊലപാതകികളെ സംരക്ഷിക്കുന്ന സമീപനം സ്വീകരിച്ച കോൺഗ്രസിൻ്റെയും കെഎസ്‍യുവിൻ്റെയും മനുഷ്യത്വവിരുദ്ധ നയത്തെക്കുറിച്ച് കേരളം നേരത്തെതന്നെ ചർച്ച ചെയ്തതാണെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം പ്രസ്താവനയിലൂടെ പറഞ്ഞു. കൊലവിളി നടത്തിയും ഭീഷണിപ്പെടുത്തിയും എസ്എഫ്ഐയെ ഇല്ലാതാക്കാമെന്ന് കിനാവ് കാണുന്നവർ വിഡ്‍ഢികളുടെ സ്വർഗത്തിലാണ്. വലതുപക്ഷത്തിൻ്റെ നാനാവിധ ആക്രമണങ്ങളെ ചെറുത്തു തോൽപ്പിച്ച് എസ്എഫ്ഐയുടെ ശുഭ്രപതാക കേരളത്തിലെ ക്യാമ്പസുകളിൽ കൂടുതൽ ഉയരത്തിൽ പാറും.

കേരളത്തിലാകമാനം എസ്എഫ്ഐ ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാൻ കോൺഗ്രസും കെഎസ്‍യുവും നടത്തുന്ന ശ്രമങ്ങളെ മുഴുവൻ എസ്എഫ്ഐ പ്രവർത്തകരും സമചിത്തതയോടെ നേരിടണമെന്നും കൊലവിളി പ്രസംഗം നടത്തിയ ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.

രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്തത് പോലുള്ള നടപടി എസ്എഫ്ഐ തുടർന്നാൽ ധീരജിന്റെ അവസ്ഥയുണ്ടാകുമെന്നായിരുന്നു സി പി മാത്യുവിന്റെ ഭീഷണി പ്രസംഗം. രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ചതിനെതിരായും അഗ്നിപഥ് പദ്ധതിക്കെതിരായും മുരിക്കാശ്ശേരിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിക്കിടെ ആണ് വിവാദ പരാമർശം. ഇടുക്കി എഞ്ചിനിയറിം​ഗ് കോളജിൽ യൂത്ത് കോണ്ഗ്രസ് നേതാവിന്റെ കുത്തേറ്റാണ് ധീരജ് കൊല്ലപ്പെട്ടത്.

Back to top button
error: