CrimeNEWS

പ്രവാസിയായ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് 10അംഗ സംഘം, രണ്ട് പേര്‍ കസ്റ്റഡിയില്‍

പ്രവാസി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

അതേസമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കേസിൽ രണ്ട് പേർ കസ്റ്റഡിയിലുണ്ട്. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്. കൊലപാതകത്തിന് നേതൃത്വം നൽകിയത് മൂന്നംഗ സംഘമാണെന്നും പൊലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. റയീസ്, നൂർഷ, ഷാഫി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

സിദ്ദിഖിന്റെ കാലിന്റെ അടിയിലും നിതംബത്തിലും അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് സിദ്ദിഖിനെ പരിശോധിച്ച ഡോ. മുഹമ്മദ് സുഹൈൽ പറയുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂർ മുമ്പെങ്കിലും  മരണം സംഭവിച്ചിട്ടുണ്ടെന്നും ഡോക്ടർ വ്യക്തമാക്കി.

ഗള്‍ഫിലുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സിദ്ദിഖിനെ നാട്ടിലെത്തിച്ച് തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിദ്ദീഖിന്റെ സഹോദരന്‍ അന്‍സാരിയെയും ബന്ധുവിനെയും കഴിഞ്ഞ ദിവസം ഈ സംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് സിദ്ദിഖിനെ നാട്ടിലെത്തിച്ചത്. സിദ്ദിഖിന്റെ സഹോദരന്‍ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Back to top button
error: