BusinessTechTRENDING

വിവരങ്ങള്‍ ചോര്‍ത്തുന്നു: സ്ലൈസ് ആപ്പിലെ പണമിടപാട് അപകടകരമെന്ന് ഗൂഗിള്‍; പരിഹരിച്ചെന്ന് കമ്പനി

മുംബൈ: സ്ലൈസ് പേമെന്റ് ആപ്പ് ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബദലാണെന്ന് അവകാശപ്പെടുന്ന സ്ലൈസ് ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോര്‍ത്തുന്നുവെന്നാണ് മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കുന്ന ആപ്പുകള്‍ കണ്ടെത്താന്‍ കഴിയുന്ന ഗൂഗിള്‍ പ്ലേ പ്രൊട്ടക്ഷനാണ് ഈ ആപ്പിനെതിരെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ഡാറ്റ മോഷ്ടിക്കാനുള്ള സാധ്യത സ്ലൈസ് ആപ്പില്‍ കണ്ടെത്തിയെന്നാണ് ഈ ടൂള്‍ വ്യക്തമാക്കിയത്.

സ്ലൈസ് അയച്ച അറിയിപ്പില്‍ ക്ലിക്ക് ചെയ്യുന്നത് ഉപയോക്താവിനെ പ്ലേ പ്രൊട്ടക്ഷന്‍ പേജിലേക്ക് നയിക്കും. സന്ദേശങ്ങള്‍, ഫോട്ടോകള്‍, ഓഡിയോ റെക്കോര്‍ഡിംഗുകള്‍ അല്ലെങ്കില്‍ കോള്‍ ഹിസ്റ്ററി പോലുള്ള വ്യക്തിഗത ഡാറ്റ ചോര്‍ത്താന്‍ ഈ ആപ്പിന് കഴിയും എന്നാണ് ഗൂഗിള്‍ പറയുന്നത്.

ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം സ്ലൈസിന്റെ ആന്‍ഡ്രോയിഡ് ആപ്പ് അപ്ഡേറ്റ് ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റില്‍ നിന്ന് ഇതിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് സന്ദേശം അയച്ചുവെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍, ഗൂഗിള്‍ തിരിച്ചറിഞ്ഞ പ്രശ്‌നം അന്വേഷിച്ച് 4 മണിക്കൂറിനുള്ളില്‍ അത് പരിഹരിച്ചതായി സ്ലൈസ് പറയുന്നു. ആപ്പ് റീഇന്‍സ്റ്റാള്‍ ചെയ്യുന്നതില്‍ പ്രശ്നം നേരിടുന്ന ഉപയോക്താക്കളോട് ഉടന്‍ തന്നെ പതിപ്പ് 10.0.7.3 ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സ്ലെസ് പറയുന്നത്. 1 ശതമാനത്തിലധികം ആപ്പ് ഉപയോക്താക്കളാണ് പഴയ പതിപ്പിലുള്ളത്, ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാന്‍ സ്ലൈസ് അഭ്യര്‍ത്ഥിച്ചു.

വാലറ്റുകളും പ്രീപെയ്ഡ് കാര്‍ഡുകളും ഉള്‍പ്പെടെ ബാങ്കിംഗ് ഇതര പ്രീപെയ്ഡ് പേയ്മെന്റ് ഉപകരണങ്ങള്‍ (പിപിഐകള്‍) വഴി ക്രെഡിറ്റ് ലൈനുകള്‍ അതിന്റെ സിസ്റ്റങ്ങളിലേക്ക് ലോഡ് ചെയ്യുന്നത് റിസര്‍വ് ബാങ്ക് അടുത്തിടെ നിരോധിച്ചിരുന്നു. ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് സ്വയം ക്രെഡിറ്റ് ലൈനുകള്‍ ലോഡ് ചെയ്യാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ് ബാധിച്ച കമ്പനികളില്‍ സ്ലൈസും യൂണികാര്‍ഡും ഉള്‍പ്പെടുന്നു. ഇതില്‍ റിസര്‍വ് ബാങ്കുമായി സംസാരം നടക്കുകയാണെന്ന് സ്ലെസ് അറിയിച്ചു.

ഗൂഗിള്‍ മുന്നറിയിപ്പിന് കാരണമെന്തെന്നോ, സ്ലൈസ് ഇപ്പോഴത്തെ അപ്‌ഗ്രേഡിന് മുന്‍പ് ആപ് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയിരുന്നോ എന്നത് സംബന്ധിച്ച് ഇതുവരെ വിശദീകരണം ഇല്ല. എന്തുകൊണ്ടാണ് ഗൂഗിള്‍ ഇങ്ങനെ മുന്നറിയിപ്പ് നല്‍കിയതെന്ന് സ്ലെസ് പറയുന്നില്ല. സ്ലെസിന്റെ നിലനില്‍പ്പ് തന്നെ പ്രശ്‌നത്തിലാക്കുന്ന റിസര്‍വ് ബാങ്ക് റെഗുലേഷന്‍ സംഭവിച്ചതിന് പിന്നാലെയാണ് ഗൂഗിള്‍ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

Back to top button
error: