NEWS

ഇക്കണക്കിന് പോയാൽ വെള്ളം കുടിക്കും; വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് കുടിവെള്ളത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം :വൈദ്യുതി നിരക്കിനു പിന്നാലെ സംസ്ഥാനത്ത് ശുദ്ധജലത്തിനും നിരക്കു കൂട്ടാന്‍ ശുപാര്‍ശ. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാനാണ് ജല അതോറിറ്റിയുടെ നിര്‍ദേശം.
ഗാര്‍ഹികേതര, വ്യവസായ കണക്ഷനുകള്‍ക്കും നിരക്കു വര്‍ധിപ്പിക്കണമെന്നും സാമ്ബത്തിക പ്രതിസന്ധി മറികടക്കാന്‍ വര്‍ധന അനിവാര്യമാണെന്നും ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ.ജോസിനു നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

1000 ലീറ്റര്‍ വെള്ളം ശുദ്ധീകരിച്ച്‌ വിതരണം ചെയ്യുന്നതിന് 23 രൂപയാണ് ജല അതോറിറ്റിക്കു ചെലവാകുന്നത്. എന്നാല്‍, ഉപഭോക്താക്കളില്‍നിന്നു ലഭിക്കുന്ന ശരാശരി വരുമാനം 11 രൂപ മാത്രം. വ്യവസായ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് അതോറിറ്റിയുടെ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകളിലേക്ക് കെ എസ്‌ഇബി വൈദ്യുതി നല്‍കുന്നത്.

ഇതുപ്രകാരം കുടിശിക ഇനത്തില്‍ 1016 കോടി രൂപയാണ് ജല അതോറിറ്റി, കെ എസ്‌ഇബിക്കു നല്‍കാനുള്ളത്. 2050 കോടി രൂപ ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുണ്ട്. ഇതില്‍ 1387 കോടി രൂപയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേതാണ്. ഒരു മാസം 50 – 55 കോടി രൂപയാണ് വരുമാനമായി ലഭിക്കുന്നത്. ശമ്ബളം, പെന്‍ഷന്‍ ഇനത്തില്‍ 32, 24 കോടി രൂപ വീതം വേണം.

 

 

കേന്ദ്ര സര്‍ക്കാരിന്റെ അധിക വായ്പാ വ്യവസ്ഥ പാലിക്കാനുള്ള ഉപാധി പ്രകാരം 2024 വരെ എല്ലാ ഏപ്രിലിലും ശുദ്ധജല നിരക്ക് 5% വര്‍ധിപ്പിക്കാന്‍ ഇതിനകം തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമേയാണ് ലീറ്ററിന് ഒരു പൈസ വര്‍ധിപ്പിക്കാന്‍ ജല അതോറിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

Back to top button
error: