TechTRENDING

മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം ഇനി അലെക്സയിലൂടെ…. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ ഒപ്പമുണ്ടാകും

മ്മെ വിട്ടുപിരിഞ്ഞയാളുകളെ ഓര്‍ത്ത് കഴിയുന്നവരുണ്ടാവാം. തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ സൂക്ഷിച്ചുകൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ എന്നും നിലനിര്‍ത്താനും അയാളുടെ സാന്നിധ്യം ശബ്ദത്തിലൂടെ എന്നും നിങ്ങള്‍ക്കൊപ്പമുണ്ടാകാനും അവസരം ഒരുക്കുകയാണ് ആമസോണ്‍ അലെക്‌സ.

അലെക്‌സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഇനി നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാം. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് അലെക്‌സയ്ക്ക് നിങ്ങള്‍ നല്‍കുന്ന പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കുമെന്ന് അലെക്‌സ സീനിയര്‍ വൈസ് പ്രസിഡന്റും ഹെഡ് സൈന്റിസ്റ്റുമായ രോഹിത് പ്രസാദ് പറഞ്ഞു.

കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഈ സാങ്കേതിക വിദ്യ പ്രഖ്യാപിച്ചത്. ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഡിജിറ്റല്‍ വോയ്‌സ് അസിസ്റ്റന്റിനെ പ്രിയപ്പെട്ടവരെ നിങ്ങള്‍ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാവുന്നതാണ്. പപ്പയെന്നോ, മമ്മി എന്നോ, അമ്മ എന്നോ അങ്ങനെ എന്തും വിളിക്കാം.

അതേസമയം ശബ്ദം എളുപ്പത്തില്‍ അനുകരിക്കാന്‍ സാധിക്കുന്ന ഈ സാങ്കേതിക വിദ്യ ചില ആശങ്കകള്‍ക്കും ഇടയാക്കിയിട്ടുണ്ട്. ആമസോണ്‍ തങ്ങളുടെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെയാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ എത്തിക്‌സ് നിയമങ്ങള്‍ പരിഷ്‌കരിച്ചത്. സിന്തറ്റിക് ശബ്ദം ആര്‍ക്കെല്ലാം നിര്‍മിക്കാമെന്നും അവ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്നുമുള്ള നിര്‍ദേശങ്ങള്‍ അതിലുണ്ട്. ഈ സംവിധാനങ്ങള്‍ ആള്‍മാറാട്ടത്തിനും ശ്രോതാക്കളെ കബളിപ്പിക്കാനും ഉപയോഗിക്കപ്പെടാമെന്ന് മൈക്രോസോഫ്റ്റിന്റെ എഐ ഓഫീസര്‍ നടാഷ ക്രാംടണ്‍ പറഞ്ഞു.

Back to top button
error: