KeralaNEWS

രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞു, രാജേഷ് എം.മേനോൻ സ്ഥാനമേറ്റു; അട്ടപ്പാടി മധു  വധക്കേസിൽ പുതിയ പബ്ലിക് പ്രോസിക്യൂട്ടർ

  അട്ടപ്പാടി മധു  വധക്കേസിൽ അഡ്വ. രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. നിലവിലുള്ള സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനും വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു. സാക്ഷികളുടെ കൂറുമാറ്റം തടയാൻ പ്രോസിക്യൂന് സാധിക്കാത്തതിൽ കുടുംബം അത്യപ്തി പ്രകടിപ്പിച്ചിരുന്നു. കേസിൽ രാജി വയ്ക്കുന്ന മുന്നാമത്തെ പ്രോസിക്യൂട്ടറാണ് സി.രാജേന്ദ്രൻ.
കേസിൽ കൂടുതൽ സാക്ഷികൾ ഇനിയും കൂറുമാറാൻ സാധ്യതയുണ്ടെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ചുമതലയേറ്റ ശേഷം രാജേഷ് എം.മേനോൻ  പറഞ്ഞു. അത് തടയുക വലിയ വെല്ലുവിളിയാണ്. കേസ് നന്നായി മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന സി.രാജേന്ദ്രൻ നേരത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് രാജി സമർപ്പിച്ചിരുന്നു. എന്നാൽ സി.രാജേന്ദ്രനെ മാറ്റണം എന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും കത്ത് നൽകിയിരുന്നു.

നീതി തേടി മധുവിൻ്റെ അമ്മ മ​ല്ലി​യും സ​ഹോ​ദ​രി സ​ര​സു​വും കോടതികൾ കയറിയിറങ്ങാൻ തുടങ്ങിയാട്ട് കാലമേറെയായി. കേസിൻ്റെ വിചാരണ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിചാരണ സ്റ്റേ ചെയ്തിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്, ഇക്കാര്യത്തിൽ സർക്കാർ തീരുമാനം കാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. വിചാരണ തുടങ്ങിയ ശേഷം സാക്ഷികൾ കൂറുമാറിയതിനെ തുടർന്ന് പ്രോസിക്യൂഷന്റെ പോരായ്മ കൊണ്ടാണ് സാക്ഷികൾ മൊഴി മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂട്ടറെ മാറ്റണമെന്നായിരുന്നു  മധുവിന്റെ അമ്മ ആവശ്യപ്പെട്ടത്.

നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ട് വിചാരണക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളുകയായിരുന്നു. ഫലപ്രദമായ രീതിയിൽ വാദം നടത്താൻ പ്രോസിക്യൂട്ടർ രാജേന്ദ്രന് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ സഹോദരിയും അമ്മയുമാണ് മണ്ണാർക്കാട് വിചാരണക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ സർക്കാർ നിയമിച്ച അഭിഭാഷകനെ മാറ്റാൻ കോടതിക്ക് അധികാരമില്ലെന്നും ഇങ്ങനെ ഒരു ആവശ്യം ഉണ്ടെങ്കിൽ പരാതിക്കാർ സർക്കാരിനെ സമീപിക്കണമെന്നും ചൂണ്ടിക്കാട്ടി കോടതി ഹർജി തള്ളി.

വിചാരണക്കോടതി ഹർജി തള്ളിയതിനെ തുടർന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ അമ്മ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് കത്ത് അയക്കുകയായിരുന്നു. കേസിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ല. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.സി രാജേന്ദ്രന് വിചാരണയിൽ പരിചയക്കുറവുണ്ട്. രണ്ട് സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂട്ടറുടെ വീഴ്ചയാണെന്നുമായിരുന്നു കത്തിലെ ആരോപണം.

സാക്ഷികളെ പ്രതികൾ ഒളിവിൽ പാർപ്പിച്ച് കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നുവെന്നും മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. മധുവിനെ മർദ്ദിക്കുന്നത് കണ്ടു എന്ന് മജിസ്ട്രേറ്റിന് മുമ്പിൽ നേരത്തെ മൊഴി നൽകിയ പത്താം സാക്ഷി ഉണ്ണികൃഷ്ണനും പതിനൊന്നാം സാക്ഷി ചന്ദ്രനുമാണ് കൂറുമാറിയത്. പൊലീസ് ഭീഷണിക്ക് വഴങ്ങിയാണ് ആദ്യമൊഴിയെന്ന് ഇരുവരും കോടതിയിൽ തിരുത്തി പറയുകയായിരുന്നു

Back to top button
error: