NEWS

മൂന്നു മാസത്തിൽ താഴെയുള്ള കുട്ടികളെ അഭിനയിപ്പിക്കരുത്;ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡല്‍ഹി: കുട്ടികളെ അഭിനയിപ്പിക്കുന്നതിന് കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ദേശീയ ബാലാവകാശ കമ്മീഷന്‍.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, പ്രത്യേകിച്ച്‌ ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് കമ്മീഷന്‍ നല്‍കിയിരിക്കുന്നത്.

ഒരു കുട്ടിയെയും ആറ് മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിപ്പിക്കരുത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവേള നല്‍കണം. രാത്രി 7 മണിക്കും രാവിലെ എട്ട് മണിക്കും ഇടയില്‍ അവരെ ജോലി ചെയ്യിപ്പിക്കാന്‍ അനുവാദമില്ല. കുട്ടികളെ അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങുകയും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുകയും വേണമെന്ന് കമ്മീഷന്‍ പറഞ്ഞു. വര്‍ക്ക്‌സൈറ്റ് പരിശോധിച്ചതിന് ശേഷം ആറ് മാസത്തെ കാലാവധിയുള്ള അനുമതിയാണ് നല്‍കുക.

കുട്ടികളെ വൈകാരികമായി ബാധിക്കുന്ന പരിഹാസങ്ങള്‍, അപമാനങ്ങള്‍ അല്ലെങ്കില്‍ പരുഷമായ അഭിപ്രായങ്ങള്‍ എന്നിവയ്ക്ക് വിധേയമാകുന്ന റോളുകളില്‍ അവര്‍ അഭിനയിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കണം. മുതിര്‍ന്നവര്‍ കുട്ടികള്‍ കാണ്‍കെ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു.

പോഷകാഹാരവും വിശ്രമത്തിനുള്ള സൗകര്യവും നിര്‍മാതാവ് ഒരുക്കണം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ, പ്രത്യേകിച്ച്‌ ആറ് വയസ്സിന് താഴെയുള്ളവരെ തീവ്രമായ ലൈറ്റിന്റെ വെളിച്ചത്തില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പ് ചെയ്യാനോ പാടില്ല. മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ ചിത്രീകരണത്തിന് ഉപയോഗിക്കരുത്. മുലയൂട്ടലുമായി ബന്ധപ്പെട്ടും പ്രതിരോധ നടപടികളുമായി ബന്ധപ്പെട്ട ബോധവത്കരണ വിഡിയോകളില്‍ മാത്രമാണ് ഈ പ്രായക്കാരായ കുട്ടികളെ ഉപയോഗിക്കാന്‍ അനുമതിയുള്ളത്. കുട്ടികളുമായി സമ്ബര്‍ക്കം പുലര്‍ത്തുന്ന സെറ്റിലെ ഓരോ വ്യക്തിയും പകര്‍ച്ചവ്യാധി ഇല്ലെന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം.

 

 

 

ഷൂട്ടിങ്ങിനായി ക്ലാസുകള്‍ ഉപേക്ഷിക്കേണ്ടിവരുന്ന കുട്ടികള്‍ക്കായി സ്വകാര്യ ട്യൂട്ടര്‍മാരെ ഏര്‍പ്പാടാക്കി നല്‍കണം. ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നെറ്റ്ഫ്ലിക്സ്, ആമസോണ്‍ തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി കുട്ടികളെ പങ്കെടുപ്പിക്കുന്നവര്‍ക്കും ബാധകമാണ്.

Back to top button
error: