CrimeNEWS

റെയിൽവേ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

കണ്ണൂര്‍: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ യുവതി അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി ചരൽ സ്വദേശി ബിൻഷ തോമസാണ് അറസ്റ്റിലായത്. പലരിൽ നിന്നായി ഇവർ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു

ഇരിട്ടി ചരൽ സ്വദേശിയായ ബിൻഷ തോമസിനെതിരെ അഞ്ച് പേരാണ് കണ്ണൂർ ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് പരിശോധന ക്ലർക്ക് ആയി ജോലി ഒഴിവുണ്ടെന്നും ജോലി കിട്ടാൻ സഹായിക്കാമെന്നും പറഞ്ഞാണ് ഇവരിൽ നിന്ന് പണം തട്ടിയത്. പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി അറസ്റ്റിലായത്. ഇവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പരിശോധിച്ചതിൽ നിന്നും നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായും വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ത്രീകളാണ് കൂടുതലും തട്ടിപ്പിനിരയായത്.

ഇരിട്ടിയിലെ ഒരു ഫ്ലാറ്റ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. യുവതിയെ ചോദ്യം ചെയ്തതിൽ നിന്നും തട്ടിപ്പ് സംഘത്തിൽ കൂടുതൽ പേർ ഉള്ളതായി മനസിലായിട്ടുണ്ടെന്നും സംഘത്തിലെ പ്രധാനിയായ വനിതയെ ഉടൻ പിടികൂടാനാവുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു..

Back to top button
error: