NEWS

‘സീന’യെ തേടി മൂസ; കണ്ടെത്തി കൊടുക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകും

ഴുപതുകളിൽ ചലച്ചിത്രലോകത്ത് ‘മുവാറ്റുപുഴ മൂസ’ എന്നറിയപ്പെട്ടിരുന്ന മേച്ചേരിമഠത്തിൽ കെ.എ. മൂസ, താൻ പത്രാധിപരായി മൂവാറ്റുപുഴയിൽ നിന്നും  പ്രസിദ്ധീകരിച്ചിരുന്ന ചലച്ചിത്രമാസികയായ ‘സീന’ യുടെ  കോപ്പി,  ഒരെണ്ണമെങ്കിലും തനിക്ക് ലഭിക്കുമോയെന്നന്വേഷിച്ചുള്ള അലച്ചിലിലാണ്   എഴുപത്തിരണ്ടാം വയസ്സിലും. കഴിഞ്ഞ പത്തുവർഷമായി ഇദ്ദേഹം ഈ പരിശ്രമം തുടരുന്നു.
തന്റെ സ്വന്തമായിരുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ, ഒരു കോപ്പിപോലും കൈയ്യിൽ കരുതാൻ സാധിക്കാതെപോയതിലുള്ള  നഷ്ടബോധം മൂസയെ തെല്ലൊന്നുമല്ല  ദു:ഖിതനാക്കിയിരിക്കുന്നത്.
പഴയകാല  പ്രസിദ്ധീകരണങ്ങളുടെ ശേഖരം കൈവശമുള്ളവരിലാണ് ഇദ്ദേഹത്തിന്റെ  പ്രതീക്ഷ.
മുതുകുളം രാഘവൻപിള്ളയുടെ ക്ഷണപ്രകാരം സിനിമാഭിനയ ദൗത്യവുമായാണ്  മൂസ മദിരാശിയിൽ എത്തപ്പെട്ടതെങ്കിലും, പിന്നീട് പിൻമാറുകയും പുസ്തക പ്രസിദ്ധീകരണ രംഗത്തേയ്ക്ക് വഴിമാറുകയുമായിരുന്നു.
1968 ൽ സാഹിത്യ പ്രസിദ്ധീകരണം എന്ന നിലയിലായിരുന്നു  ‘സീന’ യുടെ തുടക്കം. വൈക്കം ചന്ദ്രശേഖരൻനായർ, പോൾ ചിറക്കരോട്, വല്ലച്ചിറ മാധവൻ, വെങ്ങല്ലൂർ മാത്യു, ഭരണിക്കാവ് ശിവകുമാർ തുടങ്ങി അക്കാലത്ത് പ്രസിദ്ധരായിരുന്ന പല എഴുത്തുകാരുടെയും കൃതികൾ സഹിതമായിരുന്നു ‘സീന’ യുടെ യാത്ര.
‘ചിത്രകാർത്തിക’ യുടെ എഡിറ്റർ കൂടിയായിരുന്ന വൈക്കം ചന്ദ്രശേഖരൻനായരുടെ നിർദ്ദേശപ്രകാരം ‘സീന’ സചിത്രമാസികയുടെ കവർ,  ശിവകാശിയിൽ അച്ചടിച്ച കളർചിത്രങ്ങളോടുകൂടി പുറത്തിറങ്ങിത്തുടങ്ങിയെങ്കിലും വേണ്ടത്ര പ്രചാരം സിദ്ധിച്ചില്ല. തുടർന്ന് സമ്പൂർണ്ണ ‘ചലച്ചിത്രമാസിക’ എന്ന  നിലയിലേയ്ക്കുമാറ്റി പ്രസിദ്ധീകരണം തുടരുകയായിരുന്നു.
സിനിമാ പ്രസിദ്ധീകരണ രംഗത്ത് അപ്രധാനമല്ലാത്ത സ്ഥാനം ഉറപ്പിച്ച ‘സീന’ യുടെ സർക്കുലേഷൻ,   35000 കോപ്പികൾവരെ  വർദ്ധിപ്പിക്കുവാനായെങ്കിലും  1982 ൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുകയായിരുന്നു.
ഇപ്പോഴും, ഏതെങ്കിലുമൊരാളുടെ പക്കൽ ‘സീന’ സിനിമാ മാസികയുടെ കോപ്പി കണ്ടേക്കുമെന്നും, തന്റെ അന്വേഷണം ഫലപ്രാപ്തിയിലെത്തുമെന്നുമുള്ള  ശുഭാപ്തി വിശ്വാസത്തിലാണ് ‘മുവാറ്റുപുഴ മൂസ’.
‘സീന’ സിനിമാ മാസികയുടെ ഒരു കോപ്പിയെങ്കിലും മൂസയ്ക്ക് കൈമാറുവാൻ കഴിയുന്നവരിൽനിന്നും അവിടെയെത്തി പ്രസ്തുത കോപ്പി കൈപ്പറ്റുന്നതിനും,  കൈമാറുന്നവർക്ക് തക്കതായ പ്രതിഫലം വാഗ്ദാനം ചെയ്തും,  കാത്തിരിക്കുകയാണ് ഇദ്ദേഹം.

Back to top button
error: