പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്.

ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു.

നിരന്തരമുള്ള പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികള്‍ ജലീബ് അല്‍ ശുയൂഖ് വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്നതായുള്ള റിപ്പോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും നല്‍കാതെയാണ് പരിശോധനകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ നിലപാട്.

താമസ നിയമലംഘകര്‍ക്കെതിരായ നടപടികളും സുരക്ഷാ വകുപ്പുകളുടെ പരിശോധനകളും ഓരോ ദിവസവും ആഭ്യന്തര മന്ത്രി ശൈഖ് അഹ്‍മദ് അല്‍ നവാഫും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും വിലയിരുത്താറുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകൊണ്ടും നിയമം പാലിച്ചുകൊണ്ടും കുവൈത്തില്‍ താമസിക്കുന്ന ഒരാള്‍ക്കും യാതൊരു പ്രശ്‍നവും ഇത്തരം നടപടികളിലൂടെ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version