NEWSWorld

മരുന്നും ഭക്ഷണവുമില്ല; ഭൂകമ്പം ബാക്കിവച്ചവര്‍ നരകിച്ച് മരിക്കുന്നു: നേരിടാന്‍ ശേഷിയില്ലാതെ താലബാന്‍

''രാവിലെ മുതല്‍ ഇവിടെ എത്തിയ പത്തഞ്ഞൂറു രോഗികളില്‍ ബാക്കിയായത് മുന്നൂറു പേരാണ്. ബാക്കി 200 പേരും മരിച്ചു.''

കാബൂള്‍: അഫ്ഗാന്‍ ജനതയുടെ സര്‍വവും തകര്‍ത്ത ഭൂകമ്പം ജീവനെടുക്കാതെ വെറുതെ വിട്ട മനുഷ്യര്‍ ഭക്ഷണവും മരുന്നുമില്ലാതെ നരകിച്ച് മരിക്കുന്നു. രാജ്യം മുഴുവന്‍ കേഴുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ നിസംഗരായി പകച്ച് നില്‍ക്കുകയാണ് താലിബാന്‍ ഭരണകൂടം. ഭൂകമ്പത്തില്‍ ചുമരുകള്‍ വിണ്ടുകീറി പൊട്ടിപ്പൊളിഞ്ഞൊരു പഴഞ്ചന്‍ കെട്ടിടം. അതിനകത്ത് വൃത്തിയില്ലാത്ത അഞ്ച് ബെഡുകള്‍. പിന്നെ അല്‍പ്പം മരുന്നുകള്‍. ഇതാണ് ആയിരത്തിലേറെപ്പേരെ കൊന്ന ഭൂകമ്പം ബാക്കിവച്ചവര്‍ക്ക് ചികിത്സയ്ക്കുള്ള ആശുപത്രിയുടെ അവസ്ഥ.

ഭൂകമ്പത്തില്‍ വന്‍ ദുരന്തമുണ്ടായ അഫ്ഗാനിസ്താനിലെ ഗ്യാന്‍ പ്രദേശത്ത് നൂറു കണക്കിനാളുകളെ ചികില്‍സിക്കുന്നത് ഈ താല്‍ക്കാലിക ക്ലിനിക്കിലാണ്. അടിസ്ഥാന സൗകര്യങ്ങളോ അവശ്യ മരുന്നുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത ഇവിടെ പല ഭാഗത്തുനിന്നായി വന്ന അഞ്ഞൂറ് പേര്‍ക്ക് ആകെ ഉണ്ടായിരുന്നത് ഈ അഞ്ച് ബെഡുകളാണ്. എന്നിട്ടും ആവുന്നത് പോലെ ചികില്‍സിക്കുകയാണ് ഇവിടെയുള്ള രണ്ട് ഡോക്ടര്‍മാരും രണ്ട് ജീവനക്കാരും.

”രാവിലെ മുതല്‍ ഇവിടെ എത്തിയ പത്തഞ്ഞൂറു രോഗികളില്‍ ബാക്കിയായത് മുന്നൂറു പേരാണ്. ബാക്കി 200 പേരും മരിച്ചു.”-നിന്നുതിരിയാന്‍ ഇടമില്ലാതെ പണിയെടുത്തു കൊണ്ടിരിക്കുന്ന ഒരു ആശുപത്രി ജീവനക്കാരന്‍ ബിബിസിയോട് പറഞ്ഞതാണ് ഈ ഏകദേശകണക്ക്.

ഭൂകമ്പത്തില്‍ ക്ലിനിക്കിലെ എല്ലാ മുറികളും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. എന്നിട്ടും അകലങ്ങളിലുള്ള ഗ്രാമങ്ങളില്‍നിന്നും മണ്ണിനടിയില്‍ കുടുങ്ങിപ്പോയി രക്ഷപ്പെട്ട മനുഷ്യരെ കൊണ്ടുവരുന്നത് ഈ ചെറു ക്ലിനിക്കിലാണ്. മറ്റ് ആശുപത്രികളോ ഡോക്ടര്‍മാരോ മരുന്നുകളോ ഇല്ലാത്തതിനാല്‍, ഇങ്ങനെ വന്നുചേരുന്ന മനുഷ്യര്‍ തറയിലും മുറ്റത്തുമൊക്കെയായി ഇരിക്കുകയോ കിടക്കുകയോ ഒക്കെയാണ്.അപ്പുറത്ത് നിലത്ത് മരിച്ചവരെ കൂട്ടമായി കിടത്തിയിരിക്കുന്നു.

അകത്തിരിക്കുന്നവരില്‍ എല്ലാം നഷ്ടപ്പെട്ടവരുണ്ട്. ഉറ്റവര്‍ മണ്ണിലാഴ്ന്നു പോയവരുണ്ട്. അക്കൂട്ടത്തില്‍ ഒരു വൃദ്ധന്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ വീട്ടില്‍നിന്നും ഉറ്റവരെ രക്ഷിക്കണമെന്നാണ് അയാള്‍ നിലവിളിക്കുന്നത്. ഭാര്യയും മക്കളും മരിച്ചുപോയെങ്കില്‍, തന്നെയും മരുന്ന് തന്ന് കൊല്ലണമെന്നാണ് അയാള്‍ ഡോക്ടറോട് കരഞ്ഞു പറയുന്നത്. തൊട്ടടുത്ത് മറ്റൊരു കുട്ടിയിരുന്ന് നിലവിളിക്കുന്നത്, വീടിനുള്ളില്‍ കുടുങ്ങിപ്പോയ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നാണ്. ഇടയ്ക്ക് ആരോ വന്ന് പറഞ്ഞത് അവന്റെ പ്രിയപ്പെട്ടവര്‍ മരിച്ചുപോയെന്നാണ്. ഇത് കേട്ടതോടെ പൊട്ടിക്കരയുകയാണ് ആ കുട്ടിയെന്ന് ക്ലിനിക്ക് സന്ദര്‍ശിച്ച് ബിബിസി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ വൈദ്യുതി ഇല്ല. ഒരു ജനറേറ്റര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതിന്റെ ഇന്ധനം തീരാറായി. അതു തീര്‍ന്നാല്‍ പിന്നെ, ഒന്നും നടക്കില്ല. അടിയന്തിര മെഡിക്കല്‍ സഹായം ആവശ്യമുള്ള നിരവധി രോഗികളാണ് ഇവിടെ ഉള്ളത്. അല്‍പ്പ സമയം കഴിഞ്ഞ് ചികില്‍സ കിട്ടിയില്ലെങ്കില്‍ ഇവരെല്ലാം മരിച്ചുപോവുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആവശ്യത്തിന് മരുന്നുകള്‍ ഇല്ലാത്തതിനാല്‍, രക്തം വാര്‍ന്നുനില്‍ക്കുന്ന അനേകം പേര്‍ ഇവരിലുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും, തുറന്ന മുറിവുകളുമായി നില്‍ക്കുകയാണ് പലരും. ഇവരെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യുമെന്നറിയാത്ത അവസ്ഥയാണ് ആശുപത്രി ജീവനക്കാര്‍ക്ക്.

അതിനിടെ, ഇവിടം സന്ദര്‍ശിക്കാനെത്തിയ താലിബാന്‍ പ്രവിശ്യാ ഗവര്‍ണറെ നാട്ടുകാര്‍ ഓടിച്ചുവിട്ടതായി സമീപത്തെ വളണ്ടിയറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ദുരന്തബാധിത പ്രദേശങ്ങള്‍ കാണാനെത്തിയ ഗവര്‍ണറോട് സ്ഥലം വിടാന്‍ പറയുകയായിരുന്നു നാട്ടുകാര്‍. താലിബാന്‍കാര്‍ക്ക് ഈ ദുരന്തം കൈകാര്യം ചെയ്യാനുള്ള ശേഷിയില്ല. എല്ലാം താറുമാറായിരിക്കുകയാണ്. വിദേശ സഹായത്തെക്കുറിച്ചും പ്രതീക്ഷയില്ല. ലോകം അഫ്ഗാനിസ്താനെ മറന്നു കഴിഞ്ഞു.”-വളണ്ടിയര്‍മാരിലൊരാള്‍ പറയുന്നു.

നൂറ് കണക്കിനാളുകള്‍ ഇപ്പോഴും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കടിയിലാണ്. അഫ്ഗാനിസ്താനില്‍ ഭൂകമ്പം ഏറ്റവുമധികം നാശംവിതച്ച പ്രദേശമാണ് ഇതെങ്കിലും ആവശ്യത്തിന് സഹായങ്ങള്‍ ഇവര്‍ക്ക് ലഭ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്താഷ്ട്ര സന്നദ്ധ സംഘടനകള്‍ നിര്‍മിച്ചതാണ് ഈ ചെറു ക്ലിനിക്ക്. അത്യാവശ്യ ഘട്ടങ്ങളില്‍ വളരെ ചുരുക്കം ആളുകള്‍ക്ക് ചികില്‍സ നല്‍കുക എന്നതല്ലാതെ കാര്യമായ പ്രവര്‍ത്തനങ്ങള്‍ക്കൊന്നുമുള്ള സൗകര്യം ഇവിടെയില്ല.

താലിബാന്‍ അധികാരത്തില്‍ വന്നതിനുശേഷം അന്താരാഷ്ട്ര സന്നദ്ധ സംഘടനകളെല്ലാം അഫ്ഗാനിസ്താനുള്ള എല്ലാ സഹായങ്ങളും നിര്‍ത്തിയിരുന്നു. പ്രധാനമായും വിദേശ സഹായത്താല്‍ മുന്നോട്ടുപോവുന്ന രാജ്യം ഇതോടെ വമ്പന്‍ പ്രതിസന്ധിയിലായി. അതിനിടെയാണ്, രാജ്യം വമ്പന്‍ വരള്‍ച്ചയുടെ പിടിയിലായത്.

ആയിരക്കണക്കനാളുകളാണ് ഇതോടെ പട്ടിണിയിലായത്. കൃഷി നശിക്കുകയും സാമ്പത്തിക സഹായങ്ങളൊന്നും ലഭിക്കാതാവുകയും ചെയ്ത സാഹചര്യത്തില്‍, കുഞ്ഞുങ്ങള്‍ അടക്കം പട്ടിണിയിലാണ്. ഈ സമയത്താണ്, വമ്പന്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ച് കഴിഞ്ഞ ദിവസം ഭൂകമ്പമുണ്ടായത്. അന്താരാഷ്ട്ര സഹായം കാര്യമായി എത്താത്ത സാഹചര്യത്തില്‍, അവശേഷിക്കുന്ന മനുഷ്യര്‍ കൊടുംദുരന്തത്തെയാണ് നേരിടുന്നത്.

Back to top button
error: