ഇനി ലോകത്താരുമായും മിണ്ടാനോ ഇടപെടാനോ കഴിയില്ല, മ്യാന്മറിന്റെ ജനകീയ നേതാവ് ആങ് സാന്‍ സ്യൂചി ഏകാന്ത തടവറയിലേക്ക്; താമസം പ്രത്യേകമായി നിര്‍മിച്ച തടവറയില്‍

മ്യാന്മറില്‍ സൈനിക ഭരണകൂടം അധികാരത്തില്‍ നിന്ന് പുറന്തള്ളി ജയിലിലടച്ച ജനകീയ നേതാവ് ആങ് സാന്‍ സ്യൂചിയെ ഏകാന്ത തടവറയിലേക്ക് മാറ്റി. രഹസ്യകേന്ദ്രത്തില്‍ വീട്ടുതടവില്‍ കഴിയുകയായിരുന്ന സ്യൂചിയെ തലസ്ഥാനത്തെ ഒരു ജയിലില്‍ പ്രത്യേകമായി പണിതീര്‍ത്ത ഏകാന്ത തടവറയിലേക്കാണ് മാറ്റിയത്. വിവിധ കേസുകളില്‍ സ്യൂചിക്കെതിരെ രഹസ്യവിചാരണ നടത്തിയ പട്ടാള ഭരണകൂടം കഴിഞ്ഞ ദിവസമാണ് അവരെ വീട്ടുതടങ്കലില്‍നിന്നും ഏകാന്തതടവറയിലേക്ക് മാറ്റിയത്. എത്ര കാലത്തേക്കായിരിക്കും ഈ ശിക്ഷയെന്ന് അറിവായിട്ടില്ലെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ അവസാനം ഒരു അഴിമതിക്കേസില്‍ സ്യൂചിയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. തലസ്ഥാനമായ നായ് പി തോയിലെ പട്ടാള കോടതിയാണ് രഹസ്യവിചാരണക്കൊടുവില്‍ സ്യൂചി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. നിലവില്‍ രണ്ട് കേസുകളിലായി ആറു വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്യൂചി ഇതോടെ 11 വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരും. സ്യൂചിക്കെതിരായി 10 അഴിമതി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ ആദ്യത്തേതിലേ സൈനിക കോടതി വിധി പറഞ്ഞിട്ടുള്ളൂ. മറ്റ് കേസുകള്‍ ഇനിയും വിചാരണ ചെയ്യാനിരിക്കുകയാണ്. 15 വര്‍ഷം തടവുശിക്ഷ വിധിക്കാവുന്നതാണ് ഇതില്‍ ഓരോ കേസുകളും. എല്ലാ കേസുകളിലും കുറ്റക്കാരിയെന്ന് കണ്ടെത്തിയാല്‍ 76-കാരിയായ സ്യൂചി ഇനി 190 വര്‍ഷം ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തനിക്കെതിരായ എല്ലാ കുറ്റവും സ്യൂചി നിഷേധിച്ചിട്ടുണ്ട്. സൈനിക കോടതിയില്‍ നടക്കുന്ന വിചാരണ നാടകമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. സ്യചിയുടെ കേസിന്റെ വിചാരണയില്‍നിന്നും മാധ്യമപ്രവര്‍ത്തകരെ സൈനിക ഭരണകൂടം ഒഴിവാക്കിയിരുന്നു. കോടതി പരിസരത്ത് വരരുതെന്നായിരുന്നു വിലക്ക്. മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍നിന്നും സ്യൂചിയുടെ അഭിഭാഷകര്‍ക്കും സൈനിക ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

അതിനിടെയാണ്, സ്യൂചിക്ക് ഏകാന്ത തടവ് വിധിച്ചത്. വീട്ടുതടങ്കലില്‍ ആണെങ്കിലും അടുത്ത വൃത്തങ്ങളുമായി നിരന്തരം ഇടപഴടാന്‍ നിലവില്‍ സ്യൂചിക്ക് കഴിഞ്ഞിരുന്നു. എന്നാല്‍, ഇനി ലോകത്താരുമായും സ്യൂചിക്ക് മിണ്ടാനോ ഇടപെടാനോ കഴിയില്ല. സ്യൂചിയ്ക്കു വേണ്ടിയുള്ള ഏകാന്തതടവറ ഈയടുത്താണ് പ്രത്യേകമായി നിര്‍മിച്ചത്. ഇവിടത്തെ കാര്യങ്ങള്‍ നോക്കുന്നതിന് മൂന്ന് വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്ന് പട്ടാള ഭരണകൂടം പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചു, ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ജനുവരി ആദ്യം നാല് വര്‍ഷം തടവിനു ശിക്ഷിച്ച ആങ് സാന്‍ സ്യൂചിയെ രണ്ടാഴ്ചയ്ക്കു ശേഷം പുതിയ കുറ്റങ്ങള്‍ ചുമത്തിയ രണ്ടു വര്‍ഷത്തേക്ക് കൂടി തടവിനു ശിക്ഷിച്ചിരുന്നു. നിയമവിരുദ്ധമായി വാക്കിടോക്കികള്‍ കൈയില്‍ വെച്ചു എന്നതായിരുന്നു അന്നത്തെകുറ്റം. അതിനു ശേഷമാണ്, നിരവധി കാലം ജയിലില്‍ കിടത്തുന്ന കുറ്റങ്ങള്‍ ചുമത്തിയ അഴിമതിക്കേസുകള്‍ സൈനിക കോടതി പരിഗണിച്ചു തുടങ്ങിയത്. അതിനു പിന്നാലെയാണ് ഏകാന്ത തടവറയിലേക്ക് സ്യൂചിയെ മാറ്റിയത്.

ഫെബ്രുവരി മുതല്‍ സൈന്യത്തിന്റെ വീട്ടുതടങ്കലിലായിരുന്നു സ്യൂചി. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ പുറത്താക്കുകയും നേതാക്കളെ തടവില്‍ വെക്കുകയും ചെയ്താണ് മ്യാന്മറില്‍ സൈന്യം ഭരണം പിടിച്ചത്. സ്യൂചി വിജയിച്ച തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടന്നു എന്നാരോപിച്ചായിരുന്നു സൈന്യത്തിന്റെ ഇടപെടല്‍. എന്നാല്‍, തെരഞ്ഞെടുപ്പ് നൂറു ശതമാനം സത്യസന്ധമായും സുതാര്യവുമായാണ് നടന്നിരുന്നത് എന്നാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച അന്താരാഷ്ട്ര നിരീക്ഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

സ്യൂചിക്കെതിരായ ശിക്ഷാനടപടിക്കെതിരെ മ്യാന്‍മറിലും ലോകമാകെയും ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്. അഴിമതി, ഔദ്യോഗിക രഹസ്യ നിയമ ലംഘനം തുടങ്ങി സ്യുചിക്കെതിരെ നിരവധി കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

മ്യാന്‍മര്‍ രാഷ്ട്രപിതാവായ ഓങ് സാനിന്റെ മകളായ സ്യൂചി സൈനിക ഭരണകൂടത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് പതിറ്റാണ്ടുകളോളം വീട്ടുതടങ്കലിലായിരുന്നു. ലോകമെങ്ങുംനിന്നുയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കിടയില്‍ 2010-ലാണ് ഇവര്‍ വീട്ടുതടങ്കലില്‍നിന്നും മോചിപ്പിക്കപ്പെട്ടത്.

അതേ വര്‍ഷം സൈനിക ഭരണകൂടത്തിന്റെ മുന്‍കൈയില്‍ നടന്ന തെരഞ്ഞെടുപ്പ് സ്യൂചിയുടെ പാര്‍ട്ടിയുടെ ബഹിഷ്‌കരിച്ചിരുന്നു. അതിനെ തുടര്‍ന്ന് സൈനിക ഭരണകൂടത്തിന്റെ പിന്തുണയുള്ള രാഷ്ട്രീയ കക്ഷി അധികാരത്തിലെത്തി. എന്നാല്‍, 2015-ലെ തെരഞ്ഞെടുപ്പില്‍ സ്യൂചിയുടെ പാര്‍ട്ടിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി ചരിത്രവിജയം നേടി അധികാരത്തില്‍ എത്തി. തുടര്‍ന്ന് മ്യാന്‍മര്‍ 2001-വരെ സ്യൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സൈന്യം വീണ്ടും അധികാരം പിടിക്കുകയും സ്യൂചി അടക്കമുള്ള നേതാക്കളെ ജയിലിലടക്കുകയും ചെയ്തത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version