KeralaNEWS

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് എസ്.എഫ്.ഐ. മാര്‍ച്ച്; ഓഫീസ് തകര്‍ത്തെന്ന് കോണ്‍ഗ്രസ്

വയനാട്: ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്എഫ്‌ഐ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും പരിക്കുണ്ട്. എസ്പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച് എസ്എഫ്‌ഐ. സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു.

എംപിയുടെ ഓഫീസിന്റെ ഷട്ടറുകള്‍ക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്റിന്റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. അതേസമയം വിഷയം പഠിക്കട്ടെയെന്ന്് സിപിഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിന്‍ പ്രതികരിച്ചു.

അതിനിടെ, ഇക്കോ സെന്‍സിറ്റീവ് സോണ്‍ വിധിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പ്രശ്‌നപരിഹാരം കാണണം എന്നും, ഇക്കോ സെന്‍സിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പരിസ്ഥിതി ദുര്‍ബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചര്‍ച്ച ചെയ്തിരുന്നു. മലബാറില്‍ നിന്നുള്ള എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിര്‍ദ്ദേശത്തില്‍ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.

Back to top button
error: