KeralaNEWS

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നു; പ്രഖ്യാപനം നാളെ ഉച്ചയ്ക്ക്: ഏപ്രില്‍ മുതല്‍ മുന്‍കാല പ്രാബല്യം

വലിയ വര്‍ധനയുണ്ടാകില്ലെന്ന് മന്ത്രി. യൂണിറ്റിന് 15 - 50 പൈസ വര്‍ധിപ്പിക്കാനാണ് ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് നാളെ ഉയരും. 5 മുതല്‍ 10 ശതമാനം വരെയാണ് നിരക്ക് വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. പുതിയ നിരക്ക് റെഗുലേറ്ററി കമ്മീഷന്‍ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പാലക്കാട് പറഞ്ഞു. യൂണിറ്റിന് 15 – 50 പൈസ വര്‍ധിപ്പിക്കാനാണ് ആലോചന. ചില വിഭാഗങ്ങള്‍ക്ക് ഇളവ് നല്‍കാനുള്ള തീരുമാനവും ഉണ്ടായേക്കും. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.

കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂണിറ്റിന് 92 പൈസ നിരക്ക് വര്‍ദ്ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.

യൂണിറ്റിന് 30 പൈസ് മുതല്‍ 92 പൈസ് വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിപ്പിക്കണമെന്ന് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ച താരിഫ് പെറ്റീഷനില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇതു തള്ളി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി.

ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ബോര്‍ഡിനുണ്ടാകില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. അഞ്ചു മുതല്‍ പത്ത് ശതമാനം വരെയായി നിരക്ക് വര്‍ധന നടപ്പാക്കാനാണ് കമ്മിഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിക്കും. വൈദ്യുതി നിരക്ക് കൂട്ടാനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണെന്നും വര്‍ധനയുടെ തോത് അറിയില്ലെന്നുമാണ് മന്ത്രി കൃഷ്ണന്‍കുട്ടി പറഞ്ഞത്. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനയാണ് ആവശ്യപ്പെട്ടത്. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വര്‍ധനയാണ് ആഗ്രഹിക്കുന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.

Back to top button
error: