NEWS

ഇത്തവണയെങ്കിലും കപ്പ് ഉയർത്താനാകുമോ മെസ്സിക്ക്? ഫുട്ബോൾ പ്രേമികളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ ക്ഷണിക്കുന്നു

സൂര്യനസ്തമിക്കാത്ത സാമ്രാജ്യക്കാരുടെ കാലത്തിനുശേഷം എല്ലാ ദേശക്കാരെയും പോലെ റൊസാരിയോ തെരുവിലെ മുത്തശ്ശിമാർക്കും ഒരുപാട് കഥകൾ പറയുവാനുണ്ടായിരുന്നു-അധിനിവേശങ്ങളുടെ, ആക്രമണങ്ങളുടെ,രക്തച്ചൊരിച്ചിലുകളുടെ,പലായനത്തിന്റെ, പട്ടിണിയുടെ,പ്രത്യാക്രമണങ്ങളുടെ…അങ്ങനെ പലതും.പക്ഷെ അന്നവർ സംസാരിച്ചിരുന്നത് ഒരാളെപ്പറ്റി മാത്രമായിരുന്നു.ഇന്ന് മറ്റൊരാളെപ്പറ്റിയും.അന്ന് ചെഗുവേര എന്ന ഒളിപ്പോരാളിയെപ്പറ്റിയായിരുന്നു അവരുടെ സംസാരമെങ്കിൽ  ഇന്നത് ലയണൽ മെസ്സി എന്ന മറ്റൊരു പോരാളിയെപറ്റി മാത്രമാണ്.
ദക്ഷിണ അമേരിക്കന്‍ യോഗ്യതാ കടമ്പ പിന്നിട്ട് അര്‍ജന്റീന ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയതോടെ തന്റെ അഞ്ചാം ലോകകപ്പിനായി ഒരുങ്ങിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണൽ മെസ്സി.മെസ്സിക്ക് മുൻപ് നാലു പേര്‍ മാത്രമാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ചിട്ടുള്ളത്. ഇക്കൂട്ടത്തില്‍ രണ്ടുപേര്‍ ഗോള്‍കീപ്പര്‍മാരാണ്. ആദ്യത്തെയാണ് മെക്‌സിക്കൻ ഗോള്‍കീപ്പറായിരുന്ന അന്റോണിയോ ഫെലിക്‌സ് കാര്‍ബഹാലാണ്. 1955 മുതല്‍ 1966 വരെയുള്ള അഞ്ചു ലോകകപ്പുകളില്‍ അദ്ദേഹം മെക്‌സിക്കോയ്ക്കായി ഗോള്‍വല കാത്തു. രണ്ടാമത്തെ ഗോള്‍കീപ്പര്‍ ഇറ്റലിയുടെ ജിയാന്‍ലൂജി ബഫണാണ്. 1998 മുതല്‍ 2014 വരെ ലോകപ്പ് കളിച്ച ഇറ്റാലിയന്‍ ടീമില്‍ ബഫണ്‍ അംഗമായിരുന്നു.1982 മുതല്‍ 1998 വരെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ കളിച്ച ജര്‍മനിയുടെ ലോഥര്‍ മത്തേവൂസാണ് ഈ നേട്ടത്തിലെത്തിയ മറ്റോരു താരം. 2002 മുതല്‍ 2018 വരെ തുടര്‍ച്ചയായി ലോകകപ്പുകളില്‍ കളിച്ച മെക്‌സിക്കോയുടെ തന്നെ റാഫേല്‍ മാര്‍ക്വസ് അല്‍വാരെസാണ് അഞ്ചു ലോകകപ്പുകളില്‍ കളിച്ച നാലാമത്തെ ആൾ.
2006 മുതല്‍ 2018 വരെയുള്ള ലോകകപ്പുകളില്‍ അര്‍ജന്റീനയ്‌ക്കൊപ്പം മെസ്സിയുണ്ടായിരുന്നു.ഇതില്‍ അര്‍ജന്റീനയെ 2014 ലോകകപ്പിന്റെ ഫൈനലിലെത്തിക്കാന്‍ മെസ്സിക്കായി.പക്ഷേ ജര്‍മനിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു. ഇപ്പോഴിതാ ഖത്തറിന്‍ തന്റെ അഞ്ചാം ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് താരം.ഇത്തവണയെങ്കിലും കപ്പ് ഉയർത്താൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്.
ലയണൽ മെസ്സി തന്റെ കരിയറിൽ എഴുതിയ മനോഹരമായ കഥ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസ്സിൽ പതിഞ്ഞതാണ്.തന്റെ നിത്യ എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ആരാണ് മികച്ചതെന്ന കാര്യത്തിൽ വലിയ മത്സരമുണ്ടെങ്കിലും അർജന്റീനിയൻ നായകൻ വളരെക്കാലമായി ഗെയിമിൽ വളരെ മുന്നിലാണ്.
 
ക്ലബ് നിരവധി കിരീടങ്ങൾ നേടിയെങ്കിലും അര്ജന്റീനക്കൊപ്പം ഒരു കിരീടം പോലും നേടാനായില്ല എന്ന വിമര്ശനം കഴിഞ്ഞ കോപ്പ അമേരിക്ക വരെ ഉണ്ടായിരുന്നു.2021 ൽ അർജന്റീനയുടെ ബ്രസീൽ കോപ്പ അമേരിക്ക വിജയത്തിന് മുമ്പ് ടീമിനൊപ്പം നാല് ഫൈനലിൽ പരാജയപെട്ടു.ഒടുവിൽ കോപ്പ അമേരിക്കയുടെ രൂപത്തിൽ അർജന്റീനയ്‌ക്കൊപ്പം താൻ ആഗ്രഹിച്ച മെഡൽ സ്വന്തമാക്കാനാകുമെങ്കിലും, അർജന്റീനിയൻ നമ്പർ 10 മാന്ത്രികൻ തന്റെ നാട്ടുകാരനായ ഡീഗോ മറഡോണയ്ക്കും ബ്രസീലിയൻ ഇതിഹാസം പേലെക്കും മുന്നിൽ എക്കാലത്തെയും മികച്ച താരമെന്ന പദവി ഉറപ്പിക്കാൻ നോക്കുകയാണിപ്പോൾ.

ഈ വർഷത്തെ ഖത്തർ ലോകകപ്പിന് വ്യക്തമായ ഫേവറിറ്റുകളൊന്നുമില്ല എന്ന് പറയേണ്ടി വരും.എന്നാൽ ഡിസംബറിൽ ഏറ്റവും വലിയ ഫുട്ബോൾ ട്രോഫി ഉയർത്താൻ കഴിയുന്ന ടീമുകളിലൊന്നാണ് അർജന്റീന. 1986 ന് ശേഷം ഇതുവരെ ജീവിച്ചിരിക്കുന്ന എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളായ ലയണൽ മെസ്സിയുടെ സാന്നിധ്യമുണ്ടായിട്ടും അവർക്ക് ലോകകപ്പ് നേടാൻ സാധിച്ചിട്ടില്ല. മെക്സിക്കോയിൽ ആൽബിസെലെസ്റ്റിനെ വിജയത്തിലേക്ക് നയിച്ച ഡീഗോ മറഡോണയുടെ പാത പിന്തുടരാൻ ശ്രമിക്കുകയാണ് ലയണൽ മെസ്സി. മികച്ച ഫോമിലുള്ള അർജന്റീന വലിയ പ്രതീക്ഷകളോടെയാണ് ഖത്തറിലേക്ക് പറക്കുന്നത്. 21 വിജയങ്ങളും 11 സമനിലകളും ഉൾപ്പെടെ 32 മത്സരങ്ങളിൽ തോൽവിയറിയാതെയുള്ള മുന്നേറ്റത്തിലാണ് അവർ.

2022 ഖത്തറിലേക്ക് പോകുന്നത് മെസ്സിയുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരവുമായിട്ടാണ്.2022 ഖത്തറിന് ശേഷമുള്ള അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ലയണൽ മെസ്സിക്ക് 39 വയസ്സ് തികയും.എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരനെന്ന പദവിയിലേക്ക് ഒരു വേൾഡ് കപ്പ് അകലം മാത്രമാണ് മെസ്സിക്ക് ഉള്ളത്.അത് മറ്റാരേക്കാളും നന്നായി അറിയാവുന്നതും മെസ്സിക്ക് മാത്രമാണ്.

Back to top button
error: