CrimeNEWS

മനഃപൂര്‍വം മരണത്തിലേക്ക് തള്ളിവിട്ടെന്ന്; മാറഡോണയുടെ മരണത്തില്‍ എട്ടുപേര്‍ വിചാരണ നേരിടും

ബ്യൂണസ് അയേഴ്‌സ്: അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തില്‍ കുറ്റകരമായ അനാസ്ഥ ആരോപിക്കപ്പെട്ട എട്ടുപേര്‍ വിചാരണ നേരിടും.
ബ്യൂണസ് അയേഴ്‌സിലെ ഒരു പ്രാദേശിക കോടതിയാണു നിലപാടെടുത്തത്. മറഡോണയെ മരണത്തിന് മുന്‍പു ചികിത്സിച്ച ന്യൂറോ സര്‍ജന്‍ ലിയോപോള്‍ഡ് ലൂക്ക് ഉള്‍പ്പടെ എട്ടു പേര്‍ക്കെതിരേ നേരത്തെ കേസെടുത്തിരുന്നു.

കുടുംബ ഡോക്ടര്‍ ലിയോപോള്‍ഡോ ലുഖ്, സൈക്യാട്രിസ്റ്റ് അഗസ്റ്റിന കോസാചോവ്, സൈക്കോളജിസ്റ്റ് കാര്‍ലോസ് ഡിയാസ്, മെഡിക്കല്‍ കോഡിനേറ്റര്‍ നാന്‍സി ഫോര്‍ലിനി തുടങ്ങിയവരും നാലു നഴ്‌സുമാരുമാണു വിചാരണ നേരിടുക. അവര്‍ക്കെതിരേ ഇതിഹാസ താരത്തെ മരണത്തിലേക്കു മനഃപൂര്‍വം തള്ളിവിട്ട കുറ്റമാണു ചുമത്തിയത്. അര്‍ജന്റീനയില്‍ നിയമം അനുസരിച്ച് ഈ കുറ്റകൃത്യത്തിന് എട്ടു മുതല്‍ 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം.

മാറഡോണയുടെ ചികിത്സയില്‍ പോരായ്മകളും വീഴ്ചകളും മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റകരമായ നരഹത്യക്ക് വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടത്. വേദനയുടെ സൂചനകള്‍ 12 മണിക്കൂര്‍ പ്രകടിപ്പിച്ച മാറഡോണയ്ക്ക് മതിയായ വൈദ്യസഹായം ലഭിച്ചില്ലെന്നും കൃത്യസമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നു എന്നും മെഡിക്കല്‍ ബോര്‍ഡ് പോസിക്യൂട്ടര്‍മാര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 60 വയസസ്സുകാരനായ മാറഡോണ 2020 നവംബര്‍ 25 നാണ് ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചത്. അതിനു രണ്ടാഴ്ച മുമ്പാണ് മാറഡോണ തലച്ചോറിലെ ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ടത്. വിചാരണ എന്നു തുടങ്ങുമെന്നു കോടതി വ്യക്തമാക്കിയില്ല.

 

Back to top button
error: