തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും “എന്ന പഴഞ്ചൊല്ല് വന്ന വഴി 

ലങ്കര സഭയിലെ സുറിയാനി ക്രിസ്ത്യാനികളുടെ
രണ്ടു മെത്രാന്മാർ തമ്മിലുള്ള അധികാര വടംവലിയാണ് ഈ പഴംചൊല്ലിന്റെ ആധാരം. ഇതിന്റെ പിന്നാമ്പുറ കഥകൾകൂടി അറിയണം അറിവ് പൂർണ്ണമാകാൻ.
1498 ൽ കേരളത്തിൽ എത്തിയ ലത്തീൻ പാരമ്പര്യമുള്ള പോർട്ടുഗീസുകാർ
സുറിയാനി പാരമ്പര്യമുള്ള കേരളത്തിലെ ആദിമ ക്രൈസ്തവ സഭയെ പോർച്ചുഗീസ് ആധിപത്യത്തിലേക്കു മാറ്റാൻ മിഷനറിമാരുടെ നേതൃത്വത്തിൽ ശ്രമം നടന്നപ്പോൾ അതിനെതിരെ നടന്ന സുറിയാനി ക്രൈസ്തവരുടെ പ്രതിഷേധമായിരുന്നു 1653 ജനുവരി 3 നു നടന്ന കൂനൻ കുരിശു സത്യം.
ഇനി മുതൽ തങ്ങളും പിൻ‍ഗാമികളും സാമ്പാളൂർ പാതിരിമാരുമായി ഒരുമിക്കുകയില്ല എന്ന് അവർ ഒരുമിച്ച് സത്യമെടുക്കുകയുണ്ടായി.
സാമ്പാളൂർ എന്ന പേര് പോർട്ടുഗീസ്കാരുടെ കൊടുങ്ങല്ലൂരിലെ സെന്റ് പോളിന്റെ നാമധേത്തിലുള്ള
വൈദിക പഠനകേന്ദ്രത്തേയും  ദേവാലയത്തേയും പ്രാദേശിക ഭാഷയിൽ വിളിച്ചിരുന്ന പേരായിരുന്നു.
കൂനൻ കുരിശു സത്യം മാർപാപ്പയുടെ സർവ്വാധിപത്യത്തിനെതിരായിട്ടായിരുന്നു എന്ന് വ്യഖ്യാനിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇത് ശരിയല്ലയെന്നും അത് മുഖ്യമായും പോർട്ടുഗീസുകാർക്കും അവരുടെ വക്താക്കളായ ഈശൊ സഭക്കാർക്കുമെതിരായിരുന്നു എന്ന് ഡോ. ക്ലോഡിയസ് ബുക്കാനൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ  പ്രതിപാദിക്കുന്നുണ്ട്.
കൂനൻ കുരിശു സത്യത്തെ തുടർന്ന് സുറിയാനി ക്രിസ്ത്യാനികളിൽ പിളർപ്പ് രൂക്ഷമായി. സുറിയാനി ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കാ നേതൃത്വവുമായി വിഘടിച്ചു നിന്നു.
ഇതിന്റെ ഭാഗമായി ഒരു കൂട്ടം സുറിയാനികള്‍ ഇടപ്പള്ളിയിലും,  ചേന്ദമംഗലത്തും യോഗം ചേരുകയും ആലങ്ങാട്ടു പള്ളിയിൽ വച്ച് അർക്കദ്യാക്കോൻ തോമസിനെ “മാർ തോമ ഒന്നാമൻ”എന്ന പേരിൽ മെത്രാനായി വാഴിക്കുകയും ചെയ്തു. ഇതിനു മുമ്പ് കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്ക് അവരുടെ സഭയിൽ എത്തിയിട്ടുള്ള ഏറ്റവും ഉയർന്ന സ്ഥാനം “അർക്കദ്യാക്കോൻ” പദവി ആയിരുന്നു.
പിന്നീട് തോമാ മെത്രാനെ  സഹായിക്കാൻ കടമറ്റത്തു കടവിൽ ചാണ്ടി, കല്ലിശ്ശേരിൽ ഇട്ടിത്തൊമ്മൻ, വേങ്ങൂർ ഗീവർഗീസ്, പള്ളിവീട്ടിൽ പറമ്പിൽ ചാണ്ടി എന്നീ കത്തനാന്മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ രണ്ടു വർഷങ്ങൾ കഴിഞ്ഞ് ഇവർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു. കടവിൽ ചാണ്ടിയും, പറമ്പിൽ ചാണ്ടിയും പപ്പായുടെ പ്രധിനിധിയെ കണ്ട് റോമിന് വഴങ്ങാൻ തീരുമാനിച്ചു.
മലബാറിലെ സുറിയനികളുടെ പ്രശ്നങ്ങള്‍ മനസിലാക്കിയ പരിശുദ്ധ സിംഹാസനം1680-ൽ റോമിൽനിന്നും
ജോസഫ് സെബാസ്റ്റീനി എന്ന് പേരുള്ള ഒരു കർമ്മലീത്താമെത്രാനെ  തർക്കങ്ങൾ തീർക്കാനായി അയച്ചിരുന്നു. മാർതോമ ഒന്നാമന്റെ സഹായി ആയിരുന്ന കടവിൽ ചാണ്ടി കത്തനാരും, പറമ്പിൽ ചാണ്ടി കത്തനാരും, വേറെ കുറെപേരും ജോസഫ്
സെബാസ്റ്റീനി മെത്രാന്റെ കൂടെ ചേർന്ന് വടക്കുംകൂർ രാജാവിന് കൈക്കൂലികൊടുത്തു അദ്ദേഹത്തിന്റെ സഹായം സമ്പാദിച്ചു.
ഇതിനിടയിൽ കൊച്ചിയില്‍വച്ച് ഡച്ച് കാരോട് പറങ്കികള്‍ തോല്‍ക്കുകയും, ഡച്ചുകാര്‍ ഒഴികെ ഉള്ള എല്ലാ വിദേശികളും രാജ്യം വിടണം എന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ബിഷപ്പ് സെബസ്റ്റിനി ,
മാർതോമ്മ ഒന്നാമന്റെ സഹായി ആയിരുന്ന
പറമ്പില്‍ ചാണ്ടിയെ സുറിയാനികളുടെ മെത്രാനായി വാഴിച്ചു .
അതോടുകൂടി നസ്രാണികൾ ‘പുത്തൻകൂർ’, ‘പഴയകൂർ’  എന്ന് രണ്ടായി പിരിഞ്ഞു. നാടകീയ സംഭവങ്ങൾ പിന്നെയും തുടർന്നു.
പുത്തൻ കൂറ്റുകാരും പഴയ കൂറ്റുകാരും പള്ളി പിടിക്കാനുള്ള മത്സരം നടന്നു. 1661 നും 1662നും ഇടയ്ക്കു മലബാറിലെ 116പള്ളികളില്‍ 84 എണ്ണവും പറമ്പില്‍ ചാണ്ടി മെത്രാന്‍ നയിക്കുന്ന കത്തോലിക്കാസഭയോട് ചേര്‍ന്നു. എതിര്‍ പക്ഷത്തെ തോമസിന്റെ കൂടെ 32 പള്ളികൾ ഉണ്ടായിരുന്നു .കൂനന്‍ കുരിശു സത്യത്തിനുശേഷം പറമ്പില്‍ ചാണ്ടി മെത്രാന്റെ കീഴില്‍അണിനിരന്ന 84 പള്ളികളാണ് ഇന്നത്തെ സീറോ മലബാര്‍ സഭയുടെയും
തൃശൂർ ഉള്ള ചാൽഡിയൻ
സിറിയന്‍ സഭയുടെയും മുന്‍ഗാമികള്‍ .മാർ തോമായോടൊപ്പം നിന്ന 32പള്ളികളില്‍ നിന്നും ആണ് ഇന്നത്തെ Syriac Orthodox (Jacobites & Orthodox) , Thoziyur Mar Thoma (Reformed Syrians), Syro Malankra Catholics എന്നിവ രൂപം കൊണ്ടത്‌.
കൂനന്‍ കുരിശു സത്യത്തിനു ശേഷം ഉണ്ടായ പിളർപ്പില്‍ അന്നത്തെ എൺപത്തിനാലു പള്ളികള്‍ കത്തോലിക്കാ സഭയുടെ കൂടെ നിര്‍ത്തുന്നതില്‍ പറമ്പില്‍ ചാണ്ടിമെത്രാന്‍ വലിയൊരു പങ്കു വഹിച്ചു.
ആർച്ച് ബിഷപ്പ് പറമ്പില്‍ ചാണ്ടി ഭാരതത്തിലെ ആദ്യത്തെ സ്വദേശിയന്‍ ആയ ബിഷപ്പ് ആയി അറിയപെടുന്നു .
ഇതിനെതിരായി ഓർത്തഡോക്സുകാർ ഒരു മറുവാദം ഉയർത്തുന്നുണ്ട്. മാർത്തോമാ ഒന്നാമന്റെ സഹായിയായിരുന്ന പറമ്പിൽ ചാണ്ടിയെയാണല്ലോ ബിഷപ്പ് സെബസ്റ്റിനി മെത്രാനായി വാഴിച്ചത്. മറുകണ്ടം ചാടിയ പറമ്പിൽ ചാണ്ടിക്കത്തനാർക്ക്  മെത്രാൻ സ്ഥാനവും, കടവിൽ ചാണ്ടി കത്തനാർക്ക് വികാരി ജനറൽ സ്ഥാനവും ബിഷപ്പ് സെബസ്റ്റിനി നൽകിയെങ്കിലും ഉടനെ സ്ഥാനം നൽകാൻ റോം തയ്യാറായില്ല. അവർ തീരിച്ച്
മറുകണ്ടം ചാടിയാലോ???
നീണ്ട ഏട്ടുകൊല്ലം കഴിഞ്ഞ്
കടുത്തുരുത്തിയിൽ ബിഷപ്പ്
സെബസ്റ്റിനിയുടെ വസതിയിൽ കൂടിയ യോഗത്തിൽ വച്ചാണ് പറമ്പിൽ ചാണ്ടിയെ ബിഷപ്പ് ആക്കാൻ ഔദ്യോഗികമായി തീരുമാനിച്ചത്. അപ്പോൾ എങ്ങനെ പറമ്പിൽ ചാണ്ടി
ആദ്യത്തെ സ്വദേശിയന്‍ ആയ ബിഷപ്പ് ആകും?
എന്നാൽ ഈ വാദഗതിക്ക് മറ്റൊരു മറുവാദമുണ്ട്. അലങ്ങാട്ട് വച്ച് പന്ത്രണ്ട് വൈദികർ കൂടിയാണ്‌ അന്നത്തെ ആർച്ച് ഡീക്കനെ സുറിയാനിക്കാരുടെ മെത്രാനായി വാഴിച്ചത്. ആചാരപരമായി ഇത് തെറ്റായിരുന്നു. ഒരു മെത്രാനു മാത്രമേ മറ്റൊരു വൈദികനെ മെത്രാനായി വാഴിക്കാനുള്ള അവകാശം ഉണ്ടായിരുന്നുള്ളൂ. എന്നാൽ നസ്രാണികളുടെ ക്ഷമ അത്രയ്ക്കും നശിച്ചു പോയിരുന്നു. പക്ഷെ അതുകൊണ്ടുതന്നെ തോമാ അർക്കദിയാക്കോൻ അധികാരപരമായ മെത്രാന്റെ ഉത്തരവാദിത്തങ്ങൾ മാത്രമേ നിർവഹിച്ചിരുന്നുള്ളു. അദ്ദേഹം ആത്മീകമായ കാര്യങ്ങൾ ചെയ്തിരുന്നില്ല.
അതിനാൽത്തന്നെ തോമാ മെത്രാനെ “മെത്രാൻ” എന്നു വിളിക്കാനുള്ള യോഗ്യതയില്ലെന്ന് ചിലർ മറുവാദം ഉന്നയിക്കുന്നു.
1665 ല്‍ അന്ത്യോക്യൻ പാത്രിയാര്‍ക്കിസ് അയച്ച മാര്‍ ഗ്രിഗോറിയസ് എന്ന ബിഷപ്പ് മലബാറില്‍ എത്തി.
എന്നാല്‍ ഈ സമയത്തിനുള്ളില്‍ മാര്‍ ചാണ്ടി പറമ്പില്‍ ഒരു പാത്രിയാര്‍ക്ക് ആയി ഔദ്യോഗികം ആയി നിയമിതന്‍ ആവുകയും ഏകദേശം 70%ശതമാനത്തോളം സുറിയാനി ക്രിസ്ത്യാനികള്‍ അദ്ദേഹത്തോടൊപ്പം ചേരുകയുംചെയ്തു.
1653ലെ ഈ കൂനൻ കുരിശുസത്യത്തിനു ശേഷം പിളർന്ന നസ്രാണികളുടെ സഭക്കുള്ളിൽ ഐക്യത്തിനുവേണ്ടിയുള്ള  ശ്രമങ്ങൾ പല പ്രാവശ്യമായി നടന്നിരുന്നു. ഇരു വിഭാഗത്തെയും ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ വിശ്വാസികൾ നടത്തിക്കൊണ്ടിരുന്നപ്പോൾ
പുത്തൻകൂർ നേതാവായിരുന്ന  മാർത്തോമാ ഒന്നാമനും, ചാണ്ടി മെത്രാനും ( തൊമ്മനും  ചാണ്ടിയും )
പ്രകടിപ്പിച്ച മനോഭാവത്തിൽ നിന്നാണ്
“തൊമ്മൻ അയയുമ്പോൾ ചാണ്ടി മുറുകും” എന്ന പഴഞ്ചൊല്ലുതന്നെ മലയാളത്തിന് സമ്മാനിച്ചത്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version