NEWS

എം എ യൂസഫലി വാക്കുപാലിച്ചു;സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം

തിരുവനന്തപുരം: സൗദിയില്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ബാബുവിന് ജന്മനാട്ടില്‍ അന്ത്യവിശ്രമം.അച്ഛനെ കാണാനും അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനുമുള്ള എബിന്റെ ആഗ്രഹം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ സഹായത്തെ തുടര്‍ന്ന് യാഥാര്‍ഥ്യമായി.
സൗദിയില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം അഭ്യര്‍ത്ഥിച്ച്‌ കഴിഞ്ഞയാഴ്ച ലോക കേരള സഭ ഓപ്പണ്‍ ഫോറത്തിലാണ് എബിന്‍ യുസഫലിയെ സമീപിച്ചത്. എബിന്റെ സങ്കടം മനസ്സിലാക്കിയ യൂസഫലി വേദിയില്‍ വച്ച്‌ അധികൃതരുമായി സംസാരിക്കുകയും മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
സ്പോണ്‍സറെ ഒഴിവാക്കി മതിയായ രേഖകളില്ലാതെയാണ് ബാബു സൗദിയില്‍ ജോലി ചെയ്തത്.ഇതേ തുടര്‍ന്നുള്ള പിഴ ലുലു ഗ്രൂപ്പ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് സൗദി ജവാസത്ത് ഒഴിവാക്കി. ബാബുവിന്റെ ആദ്യ സ്പോണ്‍സറില്‍ നിന്ന് നിരാക്ഷേപ പത്രം ശേഖരിച്ച്‌ അധികൃതര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.ഇതോടെയാണ് മൃതദേഹം കേരളത്തിലെത്തിക്കാനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
സൗദിയിലെ കമീസ് മുഷൈത്തില്‍വെച്ച്‌ മരിച്ച നെടുമങ്ങാട് സ്വദേശി ബാബുവിന്റെ മൃതദേഹം വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാട്ടിലെത്തിച്ചത്.തുടർന്ന് ചെക്കക്കോണം സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്കരിച്ചു.

Back to top button
error: